29.1 C
Kottayam
Friday, May 3, 2024

‘കന്നഡ സംസാരിച്ചതിന് ആക്രമിച്ചു’; ബം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണം നേരിട്ടെന്ന് സിനിമാ താരം

Must read

ബം​ഗളൂരു: തനിക്കും ഭർത്താവിനും നേരെ ബം​ഗളൂരു ന​ഗരത്തിൽ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന് സിനിമാ താരം ഹർഷിക പൂനച്ച. സംഭവത്തിന്റെ വീഡിയോ പങ്കുവച്ചാണ് സോഷ്യൽ മീഡിയയിൽ നടി ഇക്കാര്യം വെളിപ്പെടുത്തിയത്.താനും ഭർത്താവും കന്നടയിൽ സംസാരിച്ചതാണ് അക്രമികളെ രോഷാകുലരാക്കിയതെന്ന് നടി പറയുന്നു. നമ്മൾ ജീവിക്കുന്നത് പാകിസ്ഥാനിലോ അഫ്​ഗാനിസ്ഥാനിലോ ആണോ എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഹർഷിക ചോ​ദിക്കുന്നു.

കന്നഡ സിനിമാ താരമായ ഹർഷികയും ഭർത്താവും ഈ മാസം രണ്ടിന് ആൾക്കൂട്ട ആക്രമണത്തിന് വിധേയരാണെന്നാണ് വെളിപ്പെടുത്തൽ. ഫ്രേസർ ടൗൺ ഏരിയയ്ക്ക് സമീപമുള്ള പുലികേശി നഗറിലെ മോസ്‌ക് റോഡിലെ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. വാഹനം മുന്നോട്ടെടുക്കാനൊരുങ്ങുമ്പോൾ‌ രണ്ട് പുരുഷന്മാർ വന്ന് വഴക്കിടുകയായിരുന്നു. വാഹനം അവരുടെ ദേഹത്ത് മുട്ടുമെന്ന് പറഞ്ഞാണ് വഴക്ക് തുടങ്ങിയത്. തർക്കത്തിന് നിൽക്കാതെ ഭർത്താവ് നിശബ്ദ​മായി വാഹനം മുന്നോട്ടെടുത്തു. എന്നാൽ, അവർ വഴക്ക് തുടരുകയും ഭർത്താവിന്റെ മുഖത്തിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ ലോക്കൽ കന്നടക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞായിരുന്നു നീക്കമെന്നും നടി പറയുന്നു.

നിമിഷങ്ങൾക്കുള്ളിൽ മുപ്പതോളം പേർ അവിടെ എത്തിയെന്ന് നടി പറയുന്നു. ‘ഭർത്താവിന്റെ മാല പിടിച്ചുപറിക്കാൻ അവർ ശ്രമിച്ചു. അദ്ദേഹം മാല ഊരി എന്റെ കയ്യിൽ തന്നു. അവർ കാറിന് കേടുപാടുകൾ വരുത്തുകയും ഞങ്ങളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ഹിന്ദി ഭാഷയിലാണ് അവർ സംസാരിച്ചത്, ഞങ്ങൾക്കൊന്നും മനസിലായില്ല. ആകെ മനസിലായത് ഞങ്ങളെ യേ ലോക്കൽ കന്നഡവാലാ ഹേ (ഇവർ ലോക്കൽ കന്നടക്കാരാണ്) എന്ന് പറഞ്ഞത് മാത്രമാണ്’- നടി പറയുന്നു.

പരിചയമുള്ള ഒരു പൊലീസുകാരനെ താൻ ഫോണിൽ വിളിച്ചെന്നും ഉടൻ തന്നെ അക്രമിസംഘം ഒന്നും സംഭവിക്കാത്തതുപോലെ പിരിഞ്ഞുപോയെന്നും നടി പറയുന്നു. പൊലീസുകാരിൽ നിന്ന് തങ്ങൾക്ക് സഹായം ലഭിച്ചില്ലെന്നും നടി ആരോപിക്കുന്നു. അടുത്തു കണ്ട പൊലീസ് പട്രോളിം​ഗ് സംഘത്തോടും ഇക്കാര്യം പറഞ്ഞു. മേലു​ദ്യോ​ഗസ്ഥരോട് പരാതി പറയാനാണ് സബ് ഇൻസ്പെക്ടർ പറഞ്ഞത്.

എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനോ സംഭവസ്ഥലം സന്ദർശിക്കാനോ പൊലീസ് തയ്യാറായില്ലെന്നും നടി പറഞ്ഞു. എന്നാൽ, രേഖാമൂലം പരാതിയൊന്നും ലഭിച്ചില്ലെന്നാണ് സംഭവത്തിൽ മാധ്യമങ്ങളോട് പൊലീസ് പ്രതികരിച്ചത്. പരാതി നൽകാൻ കൂടുതൽ സമയം വേണമെന്ന് നടി പറഞ്ഞതായും പൊലീസ് പറയുന്നു. കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് പൊലീസിൽ പരാതി എഴുതി നൽകാഞ്ഞതെന്നാണ് ഹർഷികയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week