ചോദിക്കാന്‍ പാടില്ലാത്ത പല ചോദ്യങ്ങളും ചോദിച്ചു, പലവട്ടം കരഞ്ഞു; വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയിലാണ് നടി വിചാരണക്കോടതിക്കെതിരെ ആരോപണമുന്നയിച്ചത്. വിചാരണ കോടതിയില്‍ മാനസികപീഡനം ഉണ്ടായതായും കോടതി പലവട്ടം ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചെന്നും തന്റെ സ്വഭാവ ശുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തില്‍ കോടതിയില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്നും നടി ആരോപിച്ചു.

പല വട്ടം കോടതിയില്‍ കരഞ്ഞ സാഹചര്യങ്ങളുണ്ടായി. ചോദിക്കാന്‍ പാടില്ലാത്ത പല ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അത് കോടതി തടഞ്ഞില്ല. ഈ സമയത്തെല്ലാം അനേകം അഭിഭാഷകര്‍ കോടതിയില്‍ ഉണ്ടായിരുന്നു. അവരുടെ മുന്‍പില്‍ വെച്ച് ആണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണ്ടി വന്നത്. ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഈ ഹര്‍ജി നല്‍കിയതെന്നും നടി പറഞ്ഞു.

വിചാരണക്കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി വിധി പറയാനായി മാറ്റി. അതുവരെ വിചാരണക്കോടതിയിലുള്ള കേസിന്റെ വിസ്താരത്തിനുള്ള സ്റ്റേ വെള്ളിയാഴ്ച വരെ തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News