കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തിലും സംസ്ഥാനത്തുടനീളം സംഘര്‍ഷം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംഘര്‍ഷത്തിലാണ്.
ദിന്‍ജാപൂര്‍ ജില്ലയിലെ ചോപ്രയിലെ കാതല്‍ബാരിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ പോകുന്നതിനിടെ ഇടതുമുന്നണിയുടെയും കോണ്‍ഗ്രസ് അനുഭാവികളുടെയും റാലിക്ക് നേരെ ആക്രമണമുണ്ടായി. റാലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഇടത് നേതാവ് ബിമാന്‍ ബോസ് പറഞ്ഞു. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ മരണം സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. സംഘര്‍ഷത്തില്‍ 20-ഓളം സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുമായി പോലീസ് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആരോപിച്ചു.
‘വടക്കന്‍ ദിനാജ്പൂരിലെ ചോപ്ര ബ്ലോക്കില്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നേരെ തൃണമൂല്‍ ഗുണ്ടകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇടതു-കോണ്‍ഗ്രസ് അനുഭാവികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ബ്ലോക്ക് ഓഫീസിലേക്ക് പോകുകയായിരുന്നു’, സലീം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭീകരതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രതിരോധം ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
ജൂലായ് എട്ടിനാണ് ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുക. അക്രമം വ്യാപകമായ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.