സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; പ്രതി അരുൺ തൂങ്ങിമരിച്ച നിലയിൽ
കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തിനിരയായ യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാസര്‍കോട് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയിലാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വി.എം.ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര കടുംകൈ ചെയ്തത്.
അരുണിന്റെ സൈബര്‍ ആക്രമണത്തിനെതിരേ ഞായറാഴ്ച രാത്രി യുവതി കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയ ശേഷവും ഇയാള്‍ സൈബര്‍ ആക്രമണം തുടര്‍ന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു.