FeaturedHome-bannerKeralaNews

നെഞ്ചിടിപ്പിൻ്റെ നിമിഷങ്ങൾ, വോട്ടെണ്ണൽ ഉടൻ

തിരുവനന്തപുരം:കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിലേതുപോലെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നേരത്തേ അറിയില്ല. രാവിലെ എട്ടിനുതന്നെ വോട്ടെണ്ണൽ ആരംഭിക്കുമെങ്കിലും ഫലപ്രഖ്യാപനം വൈകും. തപാൽ വോട്ടുകൾ എണ്ണിത്തീരാൻ സമയമെടുക്കുമെന്നതിനാലാണിത്. രാവിലെ എട്ടരയ്ക്കുശേഷം ആദ്യസൂചനകൾ കിട്ടിത്തുടങ്ങും.

ഇതുവരെയുള്ള കണക്കുപ്രകാരം 4,54,237 തപാൽവോട്ടുകളാണ് എണ്ണേണ്ടത്. ഒരു ബാലറ്റ് എണ്ണാൻ 40 സെക്കൻഡ് വേണമെന്നാണ് കണക്ക്. ഇ.വി.എമ്മിൽ നേരിയ ഭൂരിപക്ഷത്തോടെ മുന്നിട്ടുനിൽക്കുന്നവർക്ക് തപാൽ വോട്ടുകൾ നിർണായകമാണ്. തർക്കങ്ങൾ ഉണ്ടാകാനും എണ്ണൽ നീളാനുമുള്ള സാധ്യതകളും കൂടുതലാണ്.

ഒന്നോ ഒന്നരയോ മണിക്കൂറിനുള്ളിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണിത്തീരുമെങ്കിലും തപാൽ വോട്ടിന്റെ കണക്ക് വൈകുമെന്നതിനാൽ ഫലം പ്രഖ്യാപിക്കാൻ നാലുമണിയെങ്കിലും ആയേക്കും. https://results.eci.gov.in/ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു.

വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെയുളള ഫീൽഡ് ഓഫീസർമാർ ഇന്നു മുതൽ പോലീസ് നടപടികൾക്ക് നേരിട്ട് നേതൃത്വം നൽകും.

പ്രശ്നബാധിത പ്രദേശങ്ങളിൽ ജില്ലാ പോലീസ് മേധാവിമാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളിൽ പോലീസിന്റെ അർബൻ കമാൻഡോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാൻ ഭീകര വിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി ക്ക് നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും മറ്റും ബോധവാൻമാരാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button