കൊച്ചി:തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികം എന്ന സിനിമയിൽ മൈക്കിൾ ജാക്‌സനെ ഓർമ്മിപ്പിക്കുന്ന നൃത്ത ചുവടുകളുമായി ജിപ്‌സികളുടെ കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയിലേക്ക് ചുവടുവെച്ച വിനായകൻ എന്ന നടന്റെ അതിശയകരമായ വളർച്ച ആയിരുന്നു രജനികാന്ത് നായകനായ ജയിലർ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്.
മാന്ത്രികത്തിൽ തുടങ്ങി ഏറ്റവും ഒടുവിൽ തീയറ്ററുകളിൽ എത്തിയ ആസിഫ് അലി നായകനായ കാസർഗോൾഡ് വരെ എത്തി നിൽക്കുകയാണ് വിനായകന്റെ സിനിമാ ജീവിതം. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും തന്റെ കൈയ്ക്കുള്ളിൽ ഭദ്രമാണ് എന്ന് തെളിയിച്ചുകൊണ്ടായിരുന്നു വിനായകനിലെ നടന്റെ വളർച്ച.
ആദ്യകാലത്ത് കോമഡി വേഷങ്ങൾ ചെയ്തെത്തിയ വിനായകൻ പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ തിളങ്ങി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഈ അടുത്തിടെ കാസർഗോൾഡ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ നടൻ ആസിഫ് അലി വിനായകനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“വിനായകൻ ചേട്ടനെ ശരിക്കും അദ്ദേഹം സംസാരിക്കുന്ന രീതിയൊക്കെ കാരണമായിരിക്കും നമ്മൾ എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അദ്ദേഹം വേറെ ഒരു സിസ്റ്റം ഫോളോ ചെയ്യുന്ന ആളാണ്. എല്ലാവരും നമ്മളെപ്പോലെയാവണം എന്നൊക്കെ നമുക്ക് വാശിപിടിക്കാൻ പറ്റില്ലല്ലോ. അദ്ദേഹത്തിന്റെ വ്യക്തിത്വം ആണത്.
അദ്ദേഹം ഷൂട്ടിന് ലൊക്കേഷനിൽ വരാതിരിക്കുകയോ ഏതെങ്കിലും ലൊക്കേഷനിൽ ഒരു പ്രശ്‍നം ഉണ്ടാക്കുകയോ ചെയ്തതായി നമുക്ക് ആർക്കും ഒരു എക്സ്സ്‌പീരിയൻസും വിനായകൻ ചേട്ടന്റെ സൈഡിൽ നിന്നും ഉണ്ടായിട്ടില്ല. ഓരോ സിനിമയിലും അയാൾ ഇടുന്ന പ്രയത്നം കാണണം. ഈ സിനിമയിൽ ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് വിനായകൻ ചേട്ടൻ ഫൈറ്റ് മാസ്റ്ററോട് വന്നു പറഞ്ഞു, ഇത് വെറുതെ ഡിഷ്യും ഡിഷ്യും ഫൈറ്റും പഞ്ചും ബ്ലോക്കും അല്ല വേണ്ടത് എന്ന്.
എന്നിട്ട് ശരിക്കും ഞാനും വിനായകൻ ചേട്ടനും കൂടി ശരിക്കും അതിൽ റോ ആയിട്ട് ഫൈറ്റ് ചെയ്തിരുന്നു. ആ ഇടി കഴിഞ്ഞിട്ട് ഞങ്ങൾ രണ്ടുപേരും മാറിനിന്നു ശർദ്ധിച്ചു. എന്റെ കഴുത്തിൽ പുള്ളി പിടിച്ചു വയ്ക്കുമ്പോൾ ഞാൻ പുള്ളിയുടെ കൈ പിടിച്ചു തിരിക്കുന്നത് ഒക്കെ ശരിക്കും മാൻപവർ കൊടുത്തു തന്നെയാണ് ചെയ്തത്.
അതുകഴിഞ്ഞു ഞങ്ങൾ രണ്ടുപേരും അത്രയ്ക്ക് വയ്യാണ്ടായി മാറിനിന്നു ശർദ്ധിക്കുമ്പോൾ ഞാൻ പുള്ളിയോട് ചോദിച്ചു, ചേട്ടാ നിങ്ങൾക്ക് പ്രാന്താണോ എന്ന്. അത്രയൊക്കെ എഫേർട്ട് ഒരു സിനിമയ്ക്ക് വേണ്ടി വിനായകൻ ചേട്ടൻ എടുക്കാറുണ്ട്.” – ആസിഫ് അലി പറയുന്നു. വന്‍ ഹിറ്റായ ജയിലറിന് ശേഷം എത്തുന്ന വിനായകന്റെ ചിത്രമായിരുന്നു മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത് ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ കാസര്‍ഗോള്‍ഡ്.