KeralaNews

‘കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി.വൈ.എഫ്.ഐ തീരുമാനിക്കും’; വ്യാപാരിയുടെ മരണത്തിൽ ആഞ്ഞടിച്ച്‌ ജെയ്ക്

കോട്ടയം: സാധാരണക്കാരന്റെ അവസാന ചില്ലിക്കാശും കൊള്ളപ്പലിശയുടെ മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കോട്ടയം കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നതെന്നും ജെയ്ക് അഭിപ്രായപ്പെട്ടു. കര്‍ണാടക ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് അയ്മനത്തെ വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാങ്കിങ് ആപ്പിന്റേയും മറ്റും പേരില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടേണ്ടിവന്ന അങ്ങേയറ്റം ദയനീയമായ സാഹചര്യം മുമ്പിലുണ്ട്. സാധാരണക്കാരനായ മനുഷ്യന്റെ അവസാന ചില്ലിക്കാശിനേയും നാണയത്തുട്ടിനേയും ഏതുവിധേനയും പലിശയുടേയും കൊള്ളപ്പലിശയുടേയും മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നത്’, ജെയ്ക് പറഞ്ഞു.

‘എന്താണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്. കര്‍ണാടക ബാങ്കുപോലെയുള്ള പുതുതലമുറ ബാങ്കുകള്‍ക്കുള്ള താക്കീതാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ഏതെങ്കിലുമൊരു വ്യാപാരിയുടെ കടയില്‍ കയറി അവരുടെ വ്യാപാരം നടത്തിയ ശേഷം ബാക്കിയായ ചില്ലിക്കാശും നാണയത്തുട്ടുകളും പിടിച്ചുപറിച്ച് അതില്‍നിന്ന് ലാഭമൂറ്റിക്കുടിച്ച് വളരാമെന്നാണ് കര്‍ണാടക ബാങ്കുപോലെയുള്ള ബാങ്കുകള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനി ഈ ബാങ്ക് കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കണോ വേണ്ടയോയെന്ന് ഡി.വൈ.എഫ്.ഐ. തീരുമാനിക്കും. അത് നിങ്ങള്‍ക്കുള്ള താക്കീതാണ്, അത് നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം’, ജെയക് വ്യക്തമാക്കി.

അയ്മനം കുടയുംപടിയിലെ വ്യാപാരി കെ.സി. ബിനു(50)വിന്റെ ആത്മഹത്യയിലാണ് കുടുംബം കര്‍ണാടക ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ടുമാസത്തെ വായ്പ കുടിശ്ശികയുടെ പേരില്‍ കര്‍ണാടക ബാങ്കിലെ ജീവനക്കാരന്‍ ബിനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇതുകാരണമാണ് ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിനുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഇതേത്തുടര്‍ന്ന് ബിനുവിന്റെ മൃതദേഹവുമായി കുടുംബാംഗങ്ങളും ബന്ധുക്കളും ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി എത്തിയിരുന്നു. ജില്ലയുടെ ക്രമസമാധാന ചുമതലയുള്ള എസ്.പിയോ ഡി.വൈ.എസ്.പിയോ അല്ലെങ്കില്‍ ജില്ലാ കളക്ടറോ എ.ഡി.എമ്മോ നേരിട്ടെത്തി ചര്‍ച്ച നടത്തി, സംഭവത്തില്‍ കുറ്റാരോപിതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചാലേ പ്രതിഷേധം അവസാനിപ്പിക്കൂവെന്നായിരുന്നു ഡി.വൈ.എഫ്.ഐ. വ്യക്തമാക്കിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker