ചിന്നക്കനാൽ∙ ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിന് നാളെ പുലർച്ചെ നാല് മണിക്ക് ദൗത്യം ആരംഭിക്കും. ആനയെ പിടികൂടുന്നതിനായുള്ള മോക് ഡ്രിൽ ആരംഭിച്ചു. അരിക്കൊമ്പനെ പിടിച്ചുകെട്ടി സ്ഥലംമാറ്റാനാണു പദ്ധതി.
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വനം വകുപ്പിന് അനുമതി നൽകി. മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇക്കാര്യത്തിൽ അനുമതി തേടിയിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചിന്നക്കനാലിൽ എത്തി.
ഇടുക്കിയിലെ പെരിയാർ ടൈഗർ റിസർവ്, പറമ്പിക്കുളം, തിരുവനന്തപുരത്തെ നെയ്യാർ അല്ലെങ്കിൽ കോട്ടൂർ ആന പുനരധിവാസകേന്ദ്രം എന്നിവയിൽ ഒരിടത്തേക്കു മാറ്റാനാണു വനം വകുപ്പിന്റെ ആലോചന. ഏഴു സ്ഥലങ്ങളാണു പരിഗണനയിലുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.