24.7 C
Kottayam
Sunday, May 26, 2024

അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക്;കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിടും

Must read

കമ്പം: അരിക്കൊമ്പനെ കൊണ്ടുപോകുന്നത്‌ തിരുനല്‍വേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്.

1988-ല്‍ നിലവില്‍വന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടന്‍തുറൈ. തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് ഇങ്ങോട്ടേക്ക്. അതിനിടെ, മയക്കുവെടിയേറ്റ ആന പൂര്‍ണ ആരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്.

ദിവസങ്ങള്‍ക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതിനിടെ, അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week