26.7 C
Kottayam
Monday, May 6, 2024

അരിക്കൊമ്പനെ കളക്കാട് കടുവാസങ്കേതത്തില്‍ തുറന്നുവിട്ടു

Must read

കമ്പം : ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാന്‍ അരിക്കൊമ്പനെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് കടുവാസങ്കേതത്തില്‍ തുറന്നുവിട്ടു. അരിക്കൊമ്പനെ തിങ്കളാഴ്ച തുറന്നുവിടരുതെന്ന് മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും ചെയ്തു.

എന്നാല്‍ അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി മതിവേന്തന്‍ വ്യക്തമാക്കിയത്. നേരത്തെ, എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈകോടതി അരിക്കൊമ്പനെ കാട്ടില്‍ തുറന്നുവിടുന്നത് തടഞ്ഞെന്നായിരുന്നു റിപ്പോർട്ട്.

ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വിലക്കേര്‍പ്പെടുത്തിയത്. ‘അരിക്കൊമ്പന്‍ മിഷനും’ കോടതി മരവിപ്പിച്ചെന്ന് റിപ്പോര്‍ടുണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്ക ഹര്‍ജി നല്‍കിയത്.

അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനം ചെക് പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മുണ്ടന്‍തുറൈ. അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്‌നാട് വനംവകുപ്പ് കൃത്യമായ വിവരം നല്‍കിയിരുന്നില്ല.

തിരുനെല്‍വേലി പാപനാശം കാരയാര്‍ അണക്കെട്ട് വനമേഖലയില്‍ തുറന്നുവിടുമെന്നായിരുന്നു സൂചന. മേഘമലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍, മേഘമലയില്‍ ആനയെ തുറന്നു വിട്ടില്ല. ഇതിനിടെ, അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടര്‍ന്ന മാധ്യമങ്ങളെ തമിഴ്‌നാട് പൊലീസ് തടഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week