27.6 C
Kottayam
Monday, April 29, 2024

ഇന്ത്യയിൽ കളിക്കാൻ അർജന്റീനയ്ക്ക് ‘മോഹം’; പണമില്ലാത്തതിനാൽ നടന്നില്ല

Must read

മുംബൈ:ഫിഫ ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും ഇന്ത്യയിലെത്തിക്കാനുള്ള അവസരം വേണ്ടെന്നുവച്ച് എഐഎഫ്എഫ്. അര്‍ജന്റീന താരങ്ങൾ വരുമ്പോഴുള്ള ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. രാജ്യാന്തര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി അർജന്റീന ചൈനയിലും ഇന്തൊനീഷ്യയിലും കളിക്കാനെത്തിയിരുന്നു. ഏഷ്യയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനായിരുന്നു അർജന്റീനയുടെ തീരുമാനം. ഖത്തർ ലോകകപ്പിൽ ടീമിനു ലഭിച്ച വൻ ആരാധക പിന്തുണ കൂടി കണക്കിലെടുത്തായിരുന്നു നീക്കം.

‘‘സൗഹൃദ മത്സരത്തിനായി അർജന്റീന ടീം ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ വലിയ ചെലവ് വരുമെന്നതിനാലാണ് അതു നടക്കാതെ പോയത്.’’– എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പ്രതികരിച്ചു. ‘‘അങ്ങനെയൊരു മത്സരം ഇവിടെ നടത്താൻ ഞങ്ങൾക്ക് ശക്തരായ പാർട്ണറുടെ പിന്തുണ കൂടി വേണമായിരുന്നു. അർജന്റീന ടീം ആവശ്യപ്പെടുന്ന പണം വളരെ വലുതാണ്. ഞങ്ങള്‍ക്ക് ഇക്കാര്യത്തിൽ നിയന്ത്രണങ്ങളുണ്ട്.’’– ഷാജി പ്രഭാകരൻ വ്യക്തമാക്കി.

അര്‍ജന്റീനയുടെ ഇന്റർനാഷനൽ റിലേഷൻസ് തലവൻ പാബ്ലോ ജോക്വിൻ ഡയസാണ് എഐഎഫ്എഫുമായി ചർ‌ച്ചകൾ നടത്തിയത്. ലോകകപ്പ് വിജയത്തിനു ശേഷം അർജന്റീന ടീമിനെ ഒരു രാജ്യത്ത് കളിപ്പിക്കണമെങ്കിൽ മുടക്കേണ്ട തുക 4–5 ദശലക്ഷം ഡോളറായി (ഇന്ത്യൻ രൂപയിൽ 32–40 കോടി) ഉയർന്നു.

ഇന്ത്യയിലും ബംഗ്ലദേശിലും സൗഹൃദ മത്സരങ്ങൾ കളിക്കാനായിരുന്നു ആദ്യം അർജന്റീനയുടെ തീരുമാനം. പക്ഷേ ഇരു രാജ്യങ്ങൾക്കും ആവശ്യത്തിനു ഫണ്ട് കണ്ടെത്താൻ സാധിക്കാതിരുന്നതോടെ അർജന്റീന ചൈനയിലേക്കും ഇന്തൊനീഷ്യയിലേക്കും പോയി.

ചൈനയിൽ ഓസ്ട്രേലിയയായിരുന്നു അര്‍ജന്റീനയുടെ എതിരാളികൾ. 2011ൽ അർജന്റീന ഇന്ത്യയിൽ കളിച്ചിട്ടുണ്ട്. മെസ്സി ക്യാപ്റ്റനായ മത്സരത്തിൽ വെനസ്വേലയെ ഒരു ഗോളിനാണ് അർജന്റീന തോൽപിച്ചത്. കൊൽക്കത്ത സാൾട്ട്‍ലേക്ക് സ്റ്റേഡ‍ിയത്തിൽ നടന്ന പോരാട്ടം കാണാൻ 85,000 ആരാധകരാണ് ഇരച്ചെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week