NationalNews

ജയിലിൽ പോകേണ്ടിവന്നത് ഏകാധിപത്യത്തിനെതിരെ ശബ്ദിച്ചതിനാൽ,ഭഗത് സിങ്ങിനെ പോലെ തൂക്കിലേറാൻ തയാർ; കേജ്‌രിവാൾ തിരികെ ജയിലിൽ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി. മൂന്നുമണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ കെജ്‌രിവാള്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രവും സന്ദര്‍ശിച്ച ശേഷമാണ് തിഹാര്‍ ജയിലിലേക്ക് പുറപ്പെട്ടത്. അതിന് മുമ്പ് അദ്ദേഹം പാര്‍ട്ടി ഓഫീസില്‍ എത്തി പ്രവര്‍ത്തകരേയും നേതാക്കളേയും കണ്ടു.

പാര്‍ട്ടി ആസ്ഥാനത്ത് കെജ്‌രിവാള്‍ പ്രവര്‍ത്തകരെ അഭിസംബോധനചെയ്തു സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഈ 21 ദിവസം ഒരു മിനിറ്റുപോലും ഞാന്‍ പാഴാക്കിയില്ല. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ല, മറ്റു പാര്‍ട്ടികള്‍ക്കുവേണ്ടിയും പ്രചാരണം നടത്തി.

മുംബൈ, ഹരിയാണ, യു.പി, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും പ്രചാരണം നടത്തി. പാര്‍ട്ടിയില്ല, രാജ്യമാണ് വലുത്. ഏകാധിപത്യത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതുകൊണ്ടാണ് തനിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുന്നത്. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില്‍ അംഗീകരിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

ഭാര്യ സുനിതാ കെജ്‌രിവാള്‍, ഡല്‍ഹി മന്ത്രിമാരായ അതിഷി, കൈലാഷ് ഗെഹ്‌ലോത്ത്, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എം.പിമാരായ സഞ്ജയ് സിങ്, സന്ദീപ് പഥക്, നേതാക്കളായ ദുര്‍ഗേഷ് പഥക്, രാഖി ബിര്‍ല, റീന ഗുപ്ത എന്നിവരും കെജ് രിവാളിനൊപ്പം ഉണ്ടായിരുന്നു. രാജ്ഘട്ടിന് പുറത്ത് കെജ്‌രിവാളിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി. നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റുചെയ്തു നീക്കി.

കരിങ്കൊടിയുമായി വനിതാ പ്രവര്‍ത്തകരടക്കം കെജ്‌രിവാളിനെതിരെ പ്രതിഷേധിച്ചു. കുടിവെള്ളക്ഷാമത്താല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ കെജ്‌രിവാള്‍ നാടകം കളിക്കുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡല്‍ഹി ബി.ജെ.പി. പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

മാര്‍ച്ച് 21- ഇ.ഡി. അറസ്റ്റുചെയ്ത കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മേയ് പത്തിന് അനുവദിച്ച ജാമ്യകാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഞായറാഴ്ച തിഹാറിലേക്ക് മടങ്ങനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ജാമ്യം നീട്ടി നല്‍കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button