രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും ജാത്രതൈ! ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് വരുന്നു
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലാ തലത്തില്‍, വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കളക്ടറുടേയോ സബ് കളക്ടറുടേയോ ഡെപ്യൂട്ടി കളക്ടറുടേയോ നേതൃത്വത്തിലുള്ള ഒരു സ്‌ക്വാഡും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍/ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സ്‌ക്വാഡും രൂപീകരിക്കണം. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, മീറ്റിംഗുകള്‍, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത പരിശോധിക്കണം.
പ്ലാസ്റ്റിക്, ഫ്‌ളക്‌സ്, മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കമ്മീഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവയിലെ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ ഉടന്‍ നിര്‍ത്തി വയ്പ്പിക്കണം. പോസ്റ്ററുകളോ ബോര്‍ഡുകളോ ഉണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കണം.
ഇപ്രകാരമുള്ള നിര്‍ദ്ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. അതു സംബന്ധിച്ച ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കണം എന്നിങ്ങനെയാണു നിര്‍ദേശങ്ങള്‍.