രാവിലെയും വൈകിട്ടും ഷട്ടില്‍ കളിച്ചു, പിന്നെ ചില കാര്യങ്ങള്‍ ഉപേക്ഷിച്ചു; സ്ലീം ബ്യൂട്ടി ആയതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി അന്ന രേഷ്മ രാജന്‍
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തില്‍ അന്ന അവതരിപ്പിച്ച ലിച്ചി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. അടുത്തിടെയായി നടിയ്ക്ക് തടി അല്‍പം കൂടിയെന്ന് ആരാധകര്‍ അടക്കം പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് തടി കുറച്ച് സ്ലിംബ്യൂട്ടി ആയിരിക്കുകയാണ് താരം. ജിമ്മില്‍ ഒന്നും പോകാതെയാണ് താരം തടി കുറച്ചത് എന്നതാണ് അദ്ഭുതം.
അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്നക്ക്. ഇപ്പോളിതാ തന്റെ മേക്കോവറിനെക്കുറിച്ച് തുറന്നുപറയുകയാണ് അന്ന. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
അന്നയുടെ വാക്കുകള്‍ ഇങ്ങനെ… അയ്യപ്പനും കോശിയും ചെയ്യുന്ന സമയം മുതല്‍ മറ്റൊരു ചിത്രത്തിന് വേണ്ട തടി കുറയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ പ്ലാന്‍ എല്ലാം മാറുകയായിരുന്നു ഇനി ഈ പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞിട്ട് തുടങ്ങാം എന്നും കരുതി. ലോക്ക് ഡൗണ്‍ കാലത്ത് ജീവിത ശൈലി മാറിയപ്പോള്‍ അതിനോടൊപ്പം ശരീരവും മാറി. എങ്കിലും ആരോഗ്യകാര്യങ്ങളില്‍ കുറച്ച് കൂടി ശ്രദ്ധിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ ആയപ്പോള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ ബോറായിരുന്നു.
എപ്പോഴും ഫോണില്‍ നോക്കിയിരിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ചേട്ടന്റെ കൂടെ ഷട്ടില്‍ കളിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞാനും ചേട്ടനും കൂടി കളിച്ചുതുടങ്ങി. ഇപ്പോള്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഷട്ടില്‍ കളിക്കും. അതുകൂടാതെ മധുരം കഴിക്കുന്നത് കുറച്ചു. എന്റെ ഭക്ഷണശൈലി മാറ്റി. എല്ലാം കൂടിയായപ്പോള്‍ വന്ന മാറ്റമാണ് ഇപ്പോള്‍ കാണുന്നത്. ഇപ്പോഴും മധുരം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളായിരുന്നു ഞാന്‍. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് മധുര പലഹാരങ്ങള്‍ കഴിക്കാനായിരുന്നു. ഇപ്പോള്‍ ആ ശീലമൊക്കെ ഞാന്‍ മാറ്റി. ഫോട്ടോയ്ക്ക് കമന്റുകള്‍ വന്നപ്പോഴാണ് നല്ല മാറ്റമുണ്ടായിയെന്ന് എനിക്കും തോന്നിയത്. അന്ന പറയുന്നു.