‘പരീക്ഷ ഇനിയും നടക്കാനുണ്ട്.. ഓരോ പരീക്ഷയ്ക്കു മുന്‍പും എഴുതിയത് മായ്ച്ചുകളയേണ്ടി വരില്ലേ? പിന്നെ ഹാള്‍ടിക്കറ്റിന് പിന്നില്‍ എഴുതിയതുകൊണ്ട് എന്തുകാര്യം’ അഞ്ജുവിന്റെ പിതാവ്

കോട്ടയം: പരീക്ഷ എഴുതുന്നതിനിടെ അധ്യാപകനില്‍ നിന്നുണ്ടായ മാനസിക പീഡനം മൂലമാണ് അഞ്ജു പി. ഷാജി ആത്മഹത്യ ചെയ്തതെന്ന് പിതാവ് ഷാജി. ‘പരീക്ഷ ഇനിയും നടക്കാനുണ്ട്.. അപ്പോഴും ആവശ്യമുള്ളതാണ് ഹാള്‍ടിക്കറ്റ്. അപ്പോള്‍ ഓരോ പരീക്ഷയ്ക്കു മുന്‍പും എഴുതിയത് മായ്ച്ചുകളയേണ്ടി വരില്ലേ? പിന്നെ ഹാള്‍ടിക്കറ്റിന് പിന്നില്‍ എഴുതിയതുകൊണ്ട് എന്തുകാര്യം’ ഇത്രയും പറഞ്ഞു അഞ്ജുവിന്റെ പിതാവ് ഷാജി വിങ്ങിപ്പൊട്ടി.

അതേസമയം അഞ്ജു ഹാള്‍ ടിക്കറ്റിനു പിന്നില്‍ പാഠ ഭാഗം എഴുതി വന്നുവെന്ന കോളേജ് മാനേജ്‌മെന്റിന്റെ വാദത്തെ ഷാജി പാടെ തള്ളി കളഞ്ഞു. അഞ്ജു നന്നായി പഠിക്കുമായിരുന്നുവെന്നും അവള്‍ സ്വപ്നം കണ്ടത് ബാങ്ക് ജോലി ആണെന്നും അദ്ദേഹം പറഞ്ഞു.

മകളെ കാണാതായതു മുതല്‍ പരീക്ഷാകേന്ദ്രത്തിലുള്ളവര്‍ പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും അഞ്ജുവിന്റെ അടുത്തിരുന്നു പരീക്ഷ എഴുതിയ കുട്ടി അധ്യാപകന്‍ വഴക്കു പറഞ്ഞുവെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും ആരൊക്കെയോ ഇടപെട്ട് മാറ്റിപ്പറയിപ്പിച്ചുവെന്നും കോളജിലെ ക്യാമറയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് പുറത്തു വിട്ടതെന്നും ഷാജി ആരോപിച്ചു. പരീക്ഷാകേന്ദ്രത്തിലെ പ്രിന്‍സിപ്പലിനെയും അധ്യപകനെയും അറസ്റ്റ് ചെയ്യണമെന്നും ഷാജി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News