അഞ്ജു ഷാജിയുടെ മൃതദേഹം നാട്ടുകാര്‍ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
കാഞ്ഞിരപ്പള്ളി: പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ മൃതദേഹം നാട്ടുകാര്‍ തടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകവേയാണ് മൃതദേഹം തടഞ്ഞത്. അഞ്ജുവിന്റെ പിതാവ് അടക്കമുള്ളവരാണ് മൃതദേഹം തടഞ്ഞത്.
കോപ്പി അടിച്ച് പിടിച്ചാല്‍ ആദ്യം ചെയ്യേണ്ടത് സര്‍വകലാശാലയെ അറിയിക്കുകയാണ്. കോളജിന് പിടിച്ചുവെക്കാന്‍ അനുവാദമില്ല. അന്നും പിറ്റേന്നും യൂണിവേഴ്‌സിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. കുട്ടിയുടെ മൃതദേഹം കിട്ടിയപ്പോഴാണ് യൂണിവേഴ്‌സിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോപ്പി അടിച്ചാല്‍ അതിനുപയോഗിച്ച വസ്തു തെളിവാണ്. അത് കോളജ് അധികൃതര്‍ക്ക് കയ്യില്‍ വെച്ചു കൊണ്ടിരിക്കാന്‍ എന്തവകാശം. അത് പലതവണ ചോദിച്ചിട്ടും അവര്‍ നല്‍കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ജു ഏതെങ്കിലും ആണുങ്ങളോടൊപ്പം ഒളിച്ചോടിയിട്ടുണ്ടാവുമെന്ന് പറഞ്ഞ അച്ചനെതിരെ പോലീസ് എന്ത് നടപടിയാണ് എടുത്തതെന്നും നാട്ടുകാര്‍ ചോദിക്കുന്നു.
അതേസമയം, സ്ഥലത്തെത്തിയ എംഎല്‍എ പിസി ജോര്‍ജ് ജനങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുമായി ഇക്കാര്യം താന്‍ സംസാരിച്ചു. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. കൃത്യമായ അന്വേഷണം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കണം. ഈ പ്രതിഷേധത്തില്‍ നിന്ന് നാട്ടുകാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പിസി ജോര്‍ജിനെതിരെയും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
നേരത്തെ, കോളജ് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ഹാള്‍ ടിക്കറ്റിലെ കോപ്പിയില്‍ ഉണ്ടായിരുന്നത് അഞ്ജുവിന്റെ കൈപ്പടയല്ലെന്നും ഹാള്‍ ടിക്കറ്റ് കാണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നപ്പോള്‍ അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും കുട്ടിയുടെ പിതാവ് ഷാജി പറഞ്ഞിരുന്നു. ഹാള്‍ ടിക്കറ്റിനു പിന്നില്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണ് കോളജ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.