കുട്ടനാട്:പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനിത(32)യുടെ കൊലപാതകം പ്രതികളായ പ്രബീഷും രജനിയുംചേർന്ന് ദിവസങ്ങൾക്കുമുൻപേ ആസൂത്രണംചെയ്തതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണു പാലക്കാട്ട് ജോലിചെയ്തിരുന്ന അനിതയെ വെള്ളിയാഴ്ച ആലപ്പുഴയിലേക്കു വിളിച്ചുവരുത്തിയതെന്നു പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ബൈക്കിൽ പ്രബീഷ് തന്നെയാണ് ഇവരെ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചത്.
ബുധനാഴ്ച രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രബീഷിനെയും പ്രബീഷിന്റെ മറ്റൊരു കാമുകിയായ കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടിൽ രജനിയെയും റിമാൻഡുചെയ്തു. 15 ദിവസത്തേക്കാണു റിമാൻഡുചെയ്തിരിക്കുന്നത്. ഇരുവരെയും യഥാക്രമം ആലപ്പുഴ, മാവേലിക്കര സബ് ജയിലിലേക്കു കൊണ്ടുപോയി.
പ്രബീഷിനെപ്പറ്റി കൈനകരിയിലെ അടുപ്പക്കാർക്കു പറയാൻ കഥകളേറെയാണ്. കൈത്തോക്ക് എന്നവ്യാജേന എപ്പോഴും പ്രബീഷ് എയർഗണ്ണുമായിട്ടാണു നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. 250-300 രൂപയ്ക്കു വാങ്ങാൻകിട്ടുന്ന ചൈനീസ് നിർമിത പെല്ലറ്റ്ഗണ്ണാണിതെന്ന് നാട്ടുകാർക്ക് അറിയില്ലായിരുന്നു. കളിയായി എതിർത്തുസംസാരിച്ചവരെ തോക്കുചൂണ്ടി പ്രബീഷ് വിരട്ടിയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. രജനിയുടെ അമ്മയെയും മറ്റു ബന്ധുക്കളെയും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിയിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അനിത വീട്ടിൽവന്ന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് രജനിയുടെ അമ്മയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രാദേശിക മദ്യപാനസദസ്സുകളിലൊക്കെ ഇയാളെപ്പറ്റി വീരപരിവേഷത്തോടെയാണു നാട്ടുകാർ സംസാരിക്കുന്നത്. താൻ സ്വർണക്കടത്തുസംഘത്തിലെ അംഗമാണെന്ന് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ് ഇയാൾ. വിദേശത്ത് കള്ളക്കടത്തുസംഘത്തിൽ ജോലിചെയ്തിരുന്നു. നാട്ടിൽ വരുമ്പോഴെല്ലാം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കൊണ്ടുവന്നിരുന്നെന്നും അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, പോലീസ് ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ല. സ്വയം വലിയ ഗുണ്ടയാണെന്നുവരുത്താൻ പറയുന്നതാണിതൊക്കെയെന്ന് പോലീസ് കരുതുന്നു.
പ്രബീഷിന്റെ വലയിൽ ഇനിയുമേറെ സ്ത്രീകൾ കുട്ടനാട്ടിൽ അനിത കൊലക്കേസിൽ പിടിയിലായ പ്രബീഷിനു ധാരാളം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പോലീസ്. അനിതയെയും രജനിയെയുംകൂടാതെ ഒട്ടേറെ സ്ത്രീകൾ ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോൺരേഖകൾ പരിശോധിച്ചതിൽനിന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ വലയിലാക്കുകയാണ് ഇയാളുടെ രീതി. വരുംദിവസങ്ങളിൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
അനിതയെ കഴുത്തുഞെരിച്ചു കൊന്ന് ആറ്റിൽ തള്ളാനായിരുന്നു പദ്ധതി. ഇതിനായി അയൽപക്കത്തുള്ള ബന്ധുവിന്റെ വള്ളം കരുതിക്കൂട്ടി വാങ്ങിയിരുന്നു. രണ്ടാംകൃഷിയുള്ള പാടത്തുനിന്ന് തോട്ടിലേക്ക് പമ്പിങ് നടക്കുന്നതിനാൽ ശക്തമായ ഒഴുക്കുണ്ട്. കിഴക്കൻവെള്ളത്തിന്റെ വരവുകൂടിയാകുമ്പോൾ മൃതദേഹം വേഗം വേമ്പനാട്ടുകായലിലേക്ക് ഒഴുകിപ്പോകുമെന്ന് പ്രതികൾ കണക്കൂകൂട്ടി. എന്നാൽ, അനിതയുടെ മൃതദേഹം കയറ്റി തുഴയവേ വള്ളംമറിഞ്ഞതാണ് പ്രതികളുടെ കണക്കുകൂട്ടൽ തെറ്റാൻ കാരണം. കൊലപാതകം ആസൂത്രിതമാണെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു പോലീസ് സമർഥിച്ചത്. രജനിയുടെ വീട്ടിൽ അനിതയെ കണ്ട അയൽക്കാർ രണ്ടുപേരുണ്ടായിരുന്നു. മൃതദേഹം കണ്ടശേഷം പ്രബീഷിനോടു വിവരം തിരക്കിയിരുന്നതായും പോലീസ് കോടതിയിൽ പറഞ്ഞു. ഇവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.