വിദ്യാര്‍ത്ഥികള്‍ ഹോം വര്‍ക്ക് ചെയ്യാത്തത്തിന് ക്ഷുഭിതയായ അധ്യാപിക കുട്ടികളുടെ ടെക്സ്റ്റ് ബുക്കുകള്‍ വലിച്ചെറിയുന്ന വീഡിയോ ചര്‍ച്ചയാകുന്നു. തായ്ലന്ഡിലെ ഒരു സ്കൂളില്‍ തായ് ഭാഷാ ക്ലാസ്സിനിടെ ഖുന്‍ സുഡവാന് എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 3 ന് ചെയ്തുതീര്‍ക്കേണ്ടതായ ഒരു വര്‍ക്ക് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ ക്ഷുഭിതയായത്.
16 നും 17 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായ വിദ്യാര്‍ത്ഥികളോട് അവര്‍ ഉച്ചത്തില്‍ ശകാരിക്കുന്നതും വീഡിയോയില്‍ കാണാം. ക്ളാസ് മുറിയുടെ പുറകില്‍ ഇരിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ ഇത് റെക്കോര്‍ഡ് ചെയ്തു. അങ്ങനെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ക്ലാസ്സിന്റെ മുന്‍വശത്ത് ഇരുന്നുകൊണ്ട് സുഡവാന് പാഠപുസ്തകങ്ങള്‍ എറിയുന്നതും, പുസ്തകവുമായി ഒരു വിദ്യാര്‍ത്ഥിയുടെ അടുത്തേക്ക് നടന്നുവന്ന് തലയില്‍ അടിക്കുന്നതും വിഡിയോയില്‍ കാണാം. സംഭവത്തെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.