31.7 C
Kottayam
Thursday, April 25, 2024

യുഎഇയിൽ സന്ദർശക വിസയിൽ എത്തിയവർക്ക് വിസ കാലാവധി നീട്ടാൻ അവസരം; 120 ദിവസം വരെ താമസിക്കാം

Must read

ദുബായ്: വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് വിസ കാലാവധി നീട്ടാന്‍ അവസരം നല്‍കി അധികൃതര്‍. 30 ദിവസത്തെയോ 60 ദിവസത്തെയോ സന്ദര്‍ശന വിസയില്‍ യുഎഇയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തിനകത്ത് അവരുടെ താമസം 30 ദിവസം കൂടി നീട്ടാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് എന്നിവയുടെ ഈ തീരുമാനം സന്ദര്‍ശകര്‍ക്ക് രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വേണ്ടുവോളം സമയം ചെലവഴിക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇ നടപ്പിലാക്കുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഏറ്റവും വലിയ റെസിഡന്‍സി, എന്‍ട്രി പെര്‍മിറ്റ് പരിഷ്‌കരണങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ യുഎഇ വിസ നടപടിക്രമങ്ങളില്‍ നിരവധി മാറ്റങ്ങള്‍ നടപ്പാക്കി വരികയാണ്. അതിനുശേഷം, രാജ്യത്തേക്കുള്ള സന്ദര്‍ശന വിസ സംവിധാനത്തില്‍ നിരവധി മാറ്റങ്ങളാണ് അധികൃതര്‍ കൊണ്ടുവന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്സൈറ്റ് അനുസരിച്ച്, 30 അല്ലെങ്കില്‍ 60 ദിവസത്തെ സന്ദര്‍ശന വിസ കൈവശമുള്ള വ്യക്തികള്‍ക്ക് ഇപ്പോള്‍ 30 ദിവസത്തെ അധിക താമസത്തിന് അര്‍ഹതയുണ്ട്. ഈ രീതിയില്‍ പരമാവധി 120 ദിവസം വരെ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാമെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

രാജ്യത്തിനുള്ളില്‍ വച്ച് വിസിറ്റ് വിസ നീട്ടാനുള്ള സംവിധാനം നിലവില്‍ വന്നതായും ഇതിനായി വിസ വിസ നല്‍കുന്ന ഏജന്റുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ കേന്ദ്രമായ ആമിര്‍ സെന്ററിന്റെ കോള്‍ സെന്റര്‍ പ്രതിനിധി പറഞ്ഞു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ കോള്‍ സെന്റര്‍ പ്രതിനിധി പറയുന്നതനുസരിച്ച്, രാജ്യത്തിനകത്ത് 30 ദിവസത്തേക്ക് വിസ വിപുലീകരണം സാധ്യമാണ്. ഈ വിപുലീകരണം ദീര്‍ഘകാല, ഹ്രസ്വകാല സന്ദര്‍ശന വിസകള്‍ക്ക് ബാധകമാണ്. എന്നിരുന്നാലും, ഒരു വര്‍ഷത്തിനുള്ളില്‍ താമസിക്കുന്നതിന്റെ ആകെ ദൈര്‍ഘ്യം 120 ദിവസത്തില്‍ കൂടരുത് എന്നും അദ്ദേഹം അറിയിച്ചു. ഒരു സന്ദര്‍ശകന്‍ 30 ദിവസത്തെ വിസയിലാണെങ്കില്‍ അയാള്‍ക്ക് മൂന്ന് തവണ വിസ നീട്ടാന്‍ അവസരമുണ്ടായിരിക്കും. അതായത് ഓരോ തവണയും 30 ദിവസത്തേക്ക് നീട്ടി പരമാവധി 120 ദിവസം വരെ രാജ്യത്ത് താമസിക്കാം.

ഒരു വിനോദസഞ്ചാരിയോ സന്ദര്‍ശകനോ അവരുടെ താമസം നീട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ഇഷ്യൂ ചെയ്യുന്ന ട്രാവല്‍ ഏജന്റിനെയോ സ്‌പോണ്‍സറെയോ ബന്ധപ്പെടണമെന്ന് അറേബ്യന്‍ ബിസിനസ് സെന്ററിലെ ഓപ്പറേഷന്‍ മാനേജര്‍ ഫിറോസ് ഖാന്‍ പറഞ്ഞു. വിസ ഇഷ്യൂ ചെയ്ത നിങ്ങളുടെ സ്‌പോണ്‍സര്‍ അല്ലെങ്കില്‍ ട്രാവല്‍ ഏജന്റില്‍ നിന്ന് വിസ എക്‌സറ്റന്‍ഷന്‍, ആവശ്യമായ ഡോക്യുമെന്റേഷന്‍, ഫീസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ നിലവിലെ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഈ വിസ നീട്ടല്‍ പ്രക്രിയ ആരംഭിക്കേണ്ടത് പ്രധാനമാണെന്നും ഫിറോസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

സന്ദര്‍ശന വിസ നീട്ടുന്നതിന് സന്ദര്‍ശകന്റെ പാസ്പോര്‍ട്ട് ആവശ്യമാണ്. ആവശ്യമായ രേഖകളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇഷ്യൂ ചെയ്യുന്ന ഏജന്റില്‍ നിന്ന് ലഭിക്കും. സേവനത്തിനായി അപേക്ഷിക്കുന്ന നിങ്ങളുടെ ട്രാവല്‍ ഏജന്റിനെ ആശ്രയിച്ച് ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ എടുത്തേക്കാം. എന്നിരുന്നാലും, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്സൈറ്റ് പ്രകാരം വിസ പുതുക്കുന്നതിനുള്ള സാധുവായ അപേക്ഷ സമര്‍പ്പിച്ച് 48 മണിക്കൂറിനകം വിസ എക്സ്റ്റന്‍ഷന്‍ ലഭിക്കും. ഒരു മാസത്തേക്ക് സന്ദര്‍ശക വിസ നീട്ടുന്നതിനുള്ള ചെലവ് ഏകദേശം 1,050 ദിര്‍ഹം വരുമെന്നാണ് കണക്ക്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജിഡിആര്‍എഫ്എയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 600 ദിര്‍ഹമാണ് എക്സ്റ്റന്‍ഷന്‍ ഫീസ്. ഇതിനു പുറമെ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയും വരും.

വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടുന്നതിനുള്ള അപേക്ഷ ടൂറിസം കമ്പനികള്‍ മുഖേനയാണ് നടത്തുന്നതെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു. വിസ കാലഹരണപ്പെടുന്നതിന് മുമ്പ് രാജ്യം വിടുകയോ വിസ കാലാവധി നീട്ടുകയോ ചെയ്തില്ലെങ്കില്‍ രാജ്യത്തിന് പുറത്തുകടക്കുമ്പോള്‍ പിഴകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിനോദസഞ്ചാരം, കുടുംബ സന്ദര്‍ശനങ്ങള്‍, ബിസിനസ് മീറ്റിംഗുകള്‍, മറ്റ് വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ വിസ എക്സ്റ്റന്‍ഷന്‍ സംവിധാനം ഉപയോഗപ്പെടുത്താം. സന്ദര്‍ശകര്‍ക്ക് രാജ്യത്തിന്റെ സുപ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ പര്യവേക്ഷണം ചെയ്യാനും ഷോപ്പിംഗില്‍ ഏര്‍പ്പെടാനും മറ്റു വിനോദങ്ങള്‍ക്കും ഈ അധിക സമയം പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ഗ്രേസ് കാലാവധി നല്‍കുന്ന സംവിധാനം കഴിഞ്ഞ ദിവസം അധികൃതര്‍ നിര്‍ത്തലാക്കിയിരുന്നു. നേരത്തേ വിസ കാലാവധി കഴിഞ്ഞ് 10 ദിവസത്തേക്ക് കൂടി രാജ്യത്ത് തങ്ങാന്‍ ദുബായ് അധികൃതര്‍ അനുവദിച്ചിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയത്. നേരത്തേ 30 ദിവസത്തേക്കോ 60 ദിവസത്തേക്കോ രാജ്യത്ത് എത്തുന്നവര്‍ക്ക് പിഴയില്ലാതെ 10 ദിവസം കൂടി രാജ്യത്ത് തങ്ങാന്‍ കഴിയുമായിരുന്നെങ്കില്‍ ഇനി അതിന് സാധിക്കില്ല. പുതിയ സാഹചര്യത്തില്‍ വിസ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിടുകയോ 30 ദിവസത്തേക്ക് വിസ നീട്ടുകയോ ചെയ്യണം. അല്ലാത്ത പക്ഷം രാജ്യത്ത് അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week