ആദ്യ ഓട്ടത്തില്‍ അപകടം;ആംബുലൻസും കാറും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
മഞ്ചേരി: പയ്യനാട് ചോലക്കല്‍ അത്താണിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടന്‍ചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് അപകടം.
മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കെയറിന്റെ ആംബുലന്‍സും മഞ്ചേരിയില്‍നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ റഫീഖിനെ ഉടന്‍ പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കരുവാരക്കുണ്ട് പുന്നക്കാടിലെ ഓട്ടോ ഡ്രൈവറായിരുന്ന റഫീഖ് വ്യാഴാഴ്ചയാണ് പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സില്‍ ഡ്രൈവറായി ജോലിക്കുകയറിയത്. ആദ്യ ഓട്ടത്തിനിടെയാണ് അപകടം. പിതാവ്: സുലൈമാന്‍. മാതാവ്: സുബൈദ. ഭാര്യ: സഹ്ല. മകള്‍: റിദ ഫാത്തിമ. സഹോദരങ്ങള്‍: റിയാസ്, റംസീന.