‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?’; തന്റെ ചിത്രത്തില്‍ സുരേഷ് ഗോപി കാണില്ലെന്ന് അലിഅക്ബര്‍
കൊച്ചി:തന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് അറിയിച്ചതായി സംവിധായകന്‍ അലി അക്ബര്‍. ഫെയ്സ്ബുക്കില്‍ ‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടി പറയവേയാണ് ഇക്കാര്യം അലി അക്ബര്‍ പറഞ്ഞത്.
‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?’ എന്നായിരുന്നു ആദ്യ പ്രതികരണം. സുരേഷ് ഗോപി ശരിക്കും നോ പറഞ്ഞോ എന്ന ചോദ്യം വീണ്ടും ഉണ്ടായപ്പോള്‍ അതെ എന്നായിരുന്നു അലി അക്ബറിന്റെ മറുപടി.
1921 പുഴ മുതല്‍ പുഴ വരെയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ പൂര്‍ത്തിയായി. ആദ്യ ഷെഡ്യൂളിലെ എഡിറ്റിങ് പരിപാടികള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു. വയനാട്ടില്‍ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും അലി അക്ബര്‍ നന്ദി അറിയിക്കുകയും ചെയ്തു.
30 ദിവസം നീണ്ടതായിരുന്നു വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമക്ക് വേണ്ടി താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേക്ക് കൊടുക്കും പോലെയാണെന്നും അലി അക്ബര്‍ ഇതിന് മുമ്പും പറഞ്ഞിരുന്നു.