തിരുവനന്തപുരം: ഹാര്‍വാര്‍ഡ് സര്‍വകലാശാലയെക്കുറിച്ചുള്ള പ്രസംഗത്തിനു പിന്നാലെ ഉടലെടുത്ത വിവാദത്തില്‍ വിശദീകരണവുമായി മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് രംഗത്ത്. ഒന്നര മണിക്കൂറോളം താന്‍ നടത്തിയ പ്രസംഗത്തില്‍നിന്ന് ഏതാനും വാക്കുകള്‍ മുറിച്ചെടുത്താണ് ആളുകള്‍ വിവാദവും ട്രോളുകളും ഉണ്ടാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കു ലഭിച്ച അറിവ് വിദ്യാര്‍ഥികള്‍ക്കു കൊടുക്കാനാണ് ശ്രമിച്ചത്. കിഴക്ക് ദിശയിലേക്കു നോക്കിയിരുന്നു പഠിച്ചാല്‍ മികച്ച നേട്ടമുണ്ടാകുമെന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കു ക്ലാസ് എടുക്കവേ അലക്സാണ്ടര്‍ ജേക്കബിന്റെ പ്രസംഗം.
ഇതു സ്ഥാപിക്കാനായി ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു ഉദാഹരണവും അദ്ദേഹവും പറഞ്ഞു. കിഴക്കു ഭാഗത്തേക്കു നോക്കിയിരുന്നു പഠിച്ചാലുള്ള ഗുണം മനസിലാക്കി ഹാര്‍വാര്‍ഡ് സര്‍വകലാശാല കാമ്പസിലെ ഒരു കെട്ടിടം പൊളിച്ചു പണിതിരുന്നു എന്നദ്ദേഹം ക്ലാസില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ഇതിനെ അപ്പടി സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. അഭിരാം എന്ന പ്ലസ് ടു വിദ്യാര്‍ഥി ഇതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് ഇ മെയില്‍ അയച്ചു. എന്നാല്‍, ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അവര്‍ക്ക് അറിയില്ലെന്നായിരുന്നു മറുപടി ലഭിച്ചത്.
ഈ മറുപടി അടക്കം ഉള്‍പ്പെടുത്തി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കേരളം എന്ന പ്രസിദ്ധീകരണത്തില്‍ അഭിരാം ലേഖനം പ്രസിദ്ധീകരിച്ചു. കൊല്ലം കാരംകോട് വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഭിരാം. ശാസ്ത്ര കേരളത്തില്‍ ലേഖനം വന്നതോടെയാണ് അലക്സാണ്ടര്‍ ജേക്കബിനെതിരേ ട്രോളുകള്‍ പ്രവഹിച്ചു തുടങ്ങിയത്. ഇതിനാണ് മുന്‍ ഡിജിപി വിശദീകരണം നല്‍കിയത്.
യു ട്യൂബില്‍നിന്നു ലഭിച്ച വിഡിയോയിലാണ് ഇതു പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സനാതന ധര്‍മത്തെക്കുറിച്ചു ന്യൂയോര്‍ക്കില്‍ ക്ലാസ് എടുക്കുന്ന ഏതാനും സന്യാസിമാര്‍ അവരുടെ പ്രസംഗത്തില്‍ ഇതു പറയുന്നതായിട്ടാണ് കണ്ടത്. സന്യാസി കള്ളം പറയുമെന്നു കരുതുന്നില്ല.അതുകൊണ്ടാണ് അതു വിദ്യാര്‍ഥികളോടു പറയാന്‍ ഇടയായത്. ഈ വീഡിയോ യു ട്യൂബില്‍ കിട്ടും. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ കെട്ടിടം പൊളിച്ചതും പുതിയതു നിര്‍മിച്ചതുമൊക്കെ അതില്‍ പറയുന്നുണ്ട്. കെസ്റ്റേഴ്സ് ഹൗസ് എന്നാണ് ഈ കെട്ടിടം അറിയപ്പെട്ടിരുന്നത്. 80 കൊല്ലം മുമ്പ് രണ്ടാം ലോകമഹായുദ്ധ കാലത്തായിരുന്നു സംഭവം.
ഇക്കാര്യം നടന്നിട്ടില്ലെന്നു സര്‍വകലാശാല പറഞ്ഞിട്ടില്ലെന്നും ഇതേക്കുറിച്ചു വിവരങ്ങള്‍ ഇല്ലെന്നാണ് വിദ്യാര്‍ഥിക്കു മറുപടി നല്‍കിയതെന്നും മുന്‍ ഡിജിപി പറയുന്നു. കേള്‍ക്കുന്ന എല്ലാ പ്രസംഗവും വായിക്കുന്ന പുസ്തകങ്ങളും വേരിഫൈ ചെയ്യുക അസാധ്യമാണെന്നും സന്യാസിമാര്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ അമേരിക്കക്കാര്‍ തന്നെ അതു തിരുത്തിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിക്കുന്നതു ബുദ്ധിയും ഓര്‍മശക്തിയും കൂട്ടാന്‍ സഹായിക്കുമെന്ന് അദ്ദേഹം ക്ലാസില്‍ പറഞ്ഞിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകാശാലയില്‍ വൃത്താകൃതിയില്‍ ഒരു കെട്ടിടം നിര്‍മിച്ചിരുന്നെന്നും അവിടെ കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിച്ചവര്‍ക്കു നേട്ടമുണ്ടായതായി കണ്ടെത്തിയെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങള്‍ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് പ്ലസ് ടു വിദ്യാര്‍ഥി ലേഖനത്തിലൂടെ സമര്‍ഥിച്ചത്.
അതേസമയം, ഇപ്പോള്‍ ഇതൊന്നും ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന ഇഷ്ടം പോലെ മറ്റു വിഷയങ്ങള്‍ നാട്ടിലുണ്ടെന്നും എങ്കിലും കേട്ട കാര്യങ്ങളെ അന്വേഷണ ത്വരയോടെ സമീപിച്ച വിദ്യാര്‍ഥിയെ അഭിനന്ദിക്കുന്നതായും അലക്‌സാണ്ടര്‍ ജേക്കബ് കൂട്ടിച്ചേര്‍ത്തു.