ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാഷ്ട്രീയ ശുപാര്‍ശയില്‍ താത്കാലിക നിയമനം നടത്തിയെന്ന് ആരോപണം. അറ്റന്റര്‍ തസ്തികയില്‍ നിയമനം ലഭിച്ച യുവതി , തന്നെ ശുപാര്‍ശ ചെയ്ത സിപിഐ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് പാര്‍ട്ടിയുടെ വാട്സ്‌ആപ് ഗ്രൂപ്പില്‍ അയച്ച സന്ദേശം പുറത്ത് വന്നതോടെ വിവാദം ചൂട് പിടിച്ചിരിക്കുകയാണ്.
യുവതിക്ക് ജോലി ലഭിച്ചിരിക്കുന്നത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സിടി സ്കാനിങ് വിഭാഗത്തിലാണ്. 34 പേര്‍ അപേക്ഷ നല്‍കി. നാല് പേരുടെചുരുക്ക പട്ടിക തയ്യാറാക്കി. പിന്നെ നിയമനവും. യുവതി നന്ദി പറയുന്നത് സിപിഐ അമ്ബലപ്പുഴ ലോക്കല്‍ സെക്രട്ടറി എ കെ ജയന്‍ അടക്കമള്ള നേതാക്കള്‍ക്കാണ്.
അടുത്തിടെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ആനാവൂര്‍ നാഗപ്പന്‍റെ ശുപാര്‍ശ കത്തിനെ ചൊല്ലി തിരുവനന്തപുരം കോര്‍പറേഷനിലുണ്ടായ വിവാദം. ആഴ്ചകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇനി മുതല്‍ എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്‍റ് എക്സേഞ്ച് വഴി മാത്രമേ ഉണ്ടാവൂ എന്ന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ഇപ്പോഴും നടക്കുന്നു എന്നതിന് തെളിവാണിതെന്ന് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കാന്‍സര്‍ കെയര് സൊസൈറ്റിക്ക് വേണ്ടി ചട്ടങ്ങള്‍ പാലിച്ച് കൊണ്ട് റേഡിയോളജി വകുപ്പ് തലവനാണ് നിയമനം നടത്തിയിരിക്കുന്നത് എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ പ്രതികരണം. പ്രതികരണത്തിനായി സിപിഐ അമ്പലപ്പുഴ ലോക്കല്‍ സെക്രട്ടറി എ കെ ജയനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.