26 C
Kottayam
Thursday, May 16, 2024

അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു;നീതി നടപ്പായെന്ന് ജോ ബൈഡൻ

Must read

വാഷിങ്ടൻ ∙ ഭീകര സംഘടനയായ അൽ ഖായിദയുടെ തലവനും 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അയ്മൻ അൽ സവാഹിരിയെ(71) ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്.

ഞായറാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30ന് വൈറ്റ്ഹൗസിൽ നടത്തിയ പ്രസ്താവനയിൽ ബൈഡൻ വിശദീകരിച്ചു. ‘‘നീതി നടപ്പായി. ആ ഭീകര നേതാവ് ഇനിയില്ല.’’ – ബൈഡൻ പറഞ്ഞു. ഉസാമ ബിൻ ലാദന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന സവാഹിരി, 2011 ൽ ലാദനെ യുഎസ് വധിച്ചതിനുശേഷം അൽ ഖായിദയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. 2021 ഓഗസ്റ്റിലെ യുഎസ് പിൻമാറ്റത്തിനു ശേഷം അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം അവിടെ യുഎസ് നടത്തുന്ന ആദ്യ യുഎസ് ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്.

സവാഹിരിയെ വധിച്ചെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ‘യുഎസിലും സൗദിയിലും ആക്രമണങ്ങൾ നടത്തിയ ഭീകര നേതാക്കളിൽ ഒരാളാണു സവാഹിരി. സൗദിക്കാരടക്കം ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയ ആക്രമണങ്ങളുടെ ആസൂത്രകൻ സവാഹിരിയായിരുന്നു’– സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ആക്രമണമുണ്ടായെന്നത് സ്ഥിരീകരിച്ച താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്, ആക്രമണത്തെ അപലപിക്കുകയും ഇത് ‘രാജ്യാന്തര നിയമങ്ങളുടെ’ ലംഘനമാണെന്നും കുറ്റപ്പെടുത്തി. സവാഹിരിയെ വധിച്ച യുഎസ് നടപടിക്കു പിന്നാലെ അഫ്ഗാനിൽ സവാഹിരിക്ക് താലിബാൻ അഭയം നൽകുകയായിരുന്നോ എന്നതു സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

2020 നവംബറിൽ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നെങ്കിലും 2021ൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ സവാഹിരിയുടെ ഒരു മണിക്കൂർ ദൈർഘ്യമുളള വിഡിയോ പുറത്തുവന്നിരുന്നു. പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ 2011 മേയ് രണ്ടിന് യുഎസ് കമാൻഡോകളുടെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week