26.9 C
Kottayam
Sunday, April 28, 2024

9/11 ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ തുടരാക്രമണങ്ങള്‍ക്ക് ബിന്‍ ലാദന്‍ പദ്ധതിയിട്ടു; റിപ്പോര്‍ട്ട്

Must read

ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ തുടരാക്രമണങ്ങള്‍ നടത്താന്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ലോകത്തെ നടക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 3000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. യുഎസ് നേവി സീലിന്റെ രേഖകള്‍ അടിസ്ഥാനമാക്കി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

യാത്രാ വിമാനങ്ങള്‍ അല്ലാതെ സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്കയില്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു ബിന്‍ ലാദന്റെ പദ്ധതി. മാത്രമല്ല അമേരിക്കയിലെ ട്രെയിന്‍ പാളങ്ങള്‍ 12 മീറ്ററോളം മുറിച്ച് നീക്കി തീവണ്ടി അപകടങ്ങള്‍ സൃഷ്ടിക്കാനും അത് വഴി നൂറ് കണക്കിന് ആളുകളെ കൊലപ്പെടുത്താനും ബിന്‍ ലാദന്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

എഴുത്തുകാരിയും ഇസ്ലാമിക പഠന ഗവേഷകയുമായ നെല്ലി ലാഹൗദ് ആണ് ഒസാമ ബിന്‍ ലാദനില്‍ നിന്നും പിടിച്ചെടുത്ത കത്തുകള്‍ അടക്കം വിശകലനം നടത്തി വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി അല്‍ഖ്വയ്ദയെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകയാണിവര്‍. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിന്‍ ലാദനെ പിടികൂടാന്‍ പാകിസ്താനിലേക്ക് പോയ രണ്ട് ഡസനോളം വരുന്ന നേവി സീല്‍സ് കണ്ടെടുത്തതാണ് ആയിരക്കണത്തിന് പേജുകള്‍ വരുന്ന ബിന്‍ലാദന്റെ സ്വകാര്യ കത്തുകളും കുറിപ്പുകളും. 9/11 ആക്രമണത്തിന് ശേഷം അമേരിക്ക യുദ്ധത്തിലേക്ക് നീങ്ങുമെന്ന് അല്‍ഖ്വയ്ദ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ലാഹൗദ് പറയുന്നു.

ഭീകരാക്രമണത്തിന് ശേഷം അമേരിക്ക എത്തരത്തില്‍ പ്രതികരിക്കും എന്നത് സംബന്ധിച്ച് ബിന്‍ ലാദന്റെ കണക്ക് കൂട്ടലുകള്‍ പാടെ തെറ്റിപ്പോയെന്ന് ലാഹൗദ് പറയുന്നു. അമേരിക്കന്‍ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് നിന്നും പിന്മാറാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നുമായിരുന്നു ലാദന്റെ കണക്ക് കൂട്ടല്‍. ഭീകരാക്രമണത്തിന് ശേഷം മൂന്ന് വര്‍ഷത്തോളം അല്‍ഖ്വയ്ദ അംഗങ്ങളുമായി ലാദന്‍ ആശയവിനിമയമൊന്നും നടത്തിയിരുന്നില്ല. 2004ല്‍ അല്‍ഖ്വയ്ദ അംഗങ്ങളുമായി വീണ്ടും ബന്ധപ്പെട്ട ബിന്‍ ലാദന്‍ അമേരിക്കയില്‍ വീണ്ടും ആക്രമണം നടത്താനുളള പദ്ധതി പങ്കുവെച്ചതായും ചില കത്തുകളില്‍ നിന്ന് വ്യക്തമായതായി ലാഹൗദ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week