31.1 C
Kottayam
Thursday, May 16, 2024

അക്ഷയ് കുമാര്‍ ചിത്രവും ബോക്‌സ് ഓഫീസില്‍ വീണു ; നിരാശയില്‍ ബോളിവുഡ്

Must read

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ബോളിവുഡ് വ്യവസായം. സൂപ്പര്‍താര ചിത്രങ്ങള്‍ നിരനിരയായി പരാജയപ്പെടുമ്പോള്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയില്ലാതെ എത്തുന്ന ഭൂല്‍ ഭുലയ്യ 2 പോലെ അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി വിജയിക്കുന്നത്.

ബോളിവുഡ് നിര്‍മ്മാതാക്കളെ സംബന്ധിച്ച് സമീപ വര്‍ഷങ്ങളില്‍ ഏറ്റവുമധികം മിനിമം ഗ്യാരന്‍റി സൃഷ്ടിച്ച അക്ഷയ് കുമാറിനു പോലും കൊവിഡിനു ശേഷം പഴയ തിളക്കത്തില്‍ വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ വാരാന്ത്യത്തില്‍ പുറത്തെത്തിയ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം രക്ഷാബന്ധനും ബോക്സ് ഓഫീസില്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത് എന്നത് ചലച്ചിത്ര വ്യവസായത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 8.20 കോടി ആയിരുന്നു. ട്വിറ്ററിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളില്‍ നിന്നൊക്കെ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങളാണ് എത്തിയതെങ്കിലും ചിത്രം സാധാരണ പ്രേക്ഷകരില്‍ ആവേശം സൃഷ്ടിച്ചില്ല. രണ്ടാംദിനമായ വെള്ളിയാഴ്ച 6.40 കോടിയും ശനിയാഴ്ച 6.51 കോടിയുമാണ് ചിത്രം നേടിയത്. അതായത് ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 21.11 കോടി. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയതിന്‍റെ കണക്കാണ് ഇത്. ഒരു അക്ഷയ് കുമാര്‍ ചിത്രത്തെ സംബന്ധിച്ച് ആവറേജിനും താഴെയാണ് ഈ കണക്കുകള്‍.

അക്ഷയ് കുമാറിന്‍റേതായി സമീപകാലത്ത് പുറത്തെത്തിയ മിക്ക ചിത്രങ്ങളും ആക്ഷന് പ്രാധാന്യമുള്ളവയായിരുന്നു. എന്നാല്‍ രക്ഷാബന്ധനില്‍ കുടുംബ നായക പരിവേഷത്തിലാണ് താരം എത്തുന്നത്. സഹോദര ബന്ധത്തിന്‍റെ ഊഷ്മളതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ഇത്. നാല് സഹോദരിമാരുടെ സഹോദരനാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം.

അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍. 2020ലെ രക്ഷാബന്ധന്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ ആനന്ദ് എല്‍ റായ് ആണ് സംവിധാനം. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമാജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week