‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാകുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ അടക്കം കസറുമ്പോൾ, ചിത്രത്തിലെ ഗുണ കേവ് ശ്രദ്ധനേടുകയാണ്. യഥാർത്ഥ ഗുഹയാണോ അതോ സെറ്റ് ആണോ എന്നാണ് പലരുടെയും സംശയം. എന്നാൽ ഇത് പൂർണമായും സെറ്റ് ആണെന്ന് പറയുകയാണ് കലാസംവിധായാകൻ അജയൻ ചാലിശേരി.
അജയൻ ചാലിശേരിയുടെ വാക്കുകൾ ഇങ്ങനെ
കഥ കേട്ടപ്പോൾ ഏതെങ്കിലും ഒരു ഗുഹയിൽ ഷൂട്ട് ചെയ്യാം എന്നാണ് കരുതിയത്. മുൻപ് ഗുണകേവ് കണ്ടിട്ടുള്ള ഒരുപാട് പേരുണ്ട്. അതുകൊണ്ട് ആളുകളെ പറ്റിക്കാൻ പറ്റില്ല. ഒടുവിൽ കഥയുടെ സീരിയസ്നെസ് മനസിലാക്കി. സിനിമയിൽ കുഴിയുടെ അടുത്ത് മഞ്ഞുമ്മൽ ബോയ്സ് നിൽക്കുന്ന സ്ഥലം പോലും 80 അടിയോളം താഴ്ചയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
കേവിൽ നിരവധി മരണങ്ങളും അപകടങ്ങളും ഉണ്ടായതുകൊണ്ട് വർഷങ്ങളായി ആ സംഭവസ്ഥലത്തേക്ക് ആളുകളെ കയറ്റിവിടുന്നില്ല. നിരോധിത മേഖലയാണ്. പക്ഷേ, നമുക്ക് ആ സ്ഥലം കാണാതെ സെറ്റിടാൻ പറ്റില്ല. ഒടുവിൽ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ പെർമിഷനൊക്കെ വാങ്ങി ഗുണ കേവിൽ ഇറങ്ങി.
വർഷങ്ങളായി അടച്ചിട്ടതുകൊണ്ട് വെള്ളവും ചെളിയും മണ്ണുമൊക്കെ അഞ്ചടി പൊക്കത്തിന് കെട്ടി കിടക്കുക ആയിരുന്നു. യഥാർത്ഥ കുഴിക്ക് മുകളിലും ഇത്തരത്തിൽ മണ്ണും കല്ലും നിറഞ്ഞ കിടക്കുകയാണ്. എവിടെയാണ് തുരുമ്പ് പിടിച്ച് കിടക്കുന്നത് എന്ന് പോലും നമുക്ക് അറിയില്ല. വഴുക്കി വീഴുന്ന പ്രദേശം കൂടി ആയിരുന്നു.
അവിടെ ഇത്രയും ആളുകളുമായി ഷൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതിന് അനുവാദവും കിട്ടില്ല. അവിടത്തെ ആളുകളെ സംബന്ധിച്ച് ദുരൂഹത നിറഞ്ഞ സ്ഥമാണത്. അവർക്ക് പേടിയാണ്. അവിടെ പോകുന്നവർക്ക് ചെറുനാരങ്ങ തരും. പ്രേതമുണ്ട് എന്നൊക്കെയാണ് അവിടുത്തെ ഗാർഡുകൾ പറയുന്നത്.
ഗുണ കേവ് കണ്ടപ്പോൾ നമുക്കും അസ്വസ്ഥത തോന്നും. നാലഞ്ച് മിനിറ്റൊക്കെ അവിടെ പറ്റുള്ളൂ. ധാരാളം വവ്വാലുകളും കുരങ്ങുകളും ഒക്കെയുള്ള ഒരിടം. വല്ലാത്തൊരു സ്മെൽ ആയിരുന്നു. ഗുണ കേസ് കണാൻ പോയിട്ട് രണ്ട് മൂന്ന് ദിവസത്തേക്ക് ഭയങ്കര പ്രശ്നമായിരുന്നു. എനിക്ക് ഉറക്കമില്ല. കണ്ണടയ്ക്കുമ്പോൾ പാറക്കെട്ടുകളാണ് കാണുന്നത്. ഞാൻ ഒരു കുഴിയിൽ കിടക്കുന്നത് പോലെ ആയിരുന്നു. കണ്ണടക്കാൻ പറ്റാത്ത അവസ്ഥ. ആ സ്ഥലത്ത് എത്തിപ്പെട്ട അവസ്ഥ.
ഇതിന് താഴെയാണ് 900 അടി താഴ്ചയെന്ന് പറയപ്പെടുന്ന കുഴി ഉള്ളത്. അവിടുത്തെ കുറേ സ്കെച്ചുകൾ വരച്ചുണ്ടാക്കി. ഗുഹയുടെ വലിപ്പവും രൂപയും ഘടനയുമൊക്കെ മനസ്സിലാക്കി. ഫൈബറിൽ ആയിരുന്നു ഗുഹ ഞങ്ങൾ ചെയ്തത്. കൊടൈക്കനാലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പാറകളുടെ മോൾഡുകൾ എടുത്തിട്ടുണ്ടായിരുന്നു. ഇതാണ് ടെക്സ്റ്ററിന് ഉപാകാരപ്പെട്ടത്.
ഞങ്ങൾ നേരിട്ട വലിയൊരു പ്രശ്നം സെറ്റിടാൻ പറ്റിയ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. ഒന്നര രണ്ട് മാസത്തോളം അതിന് വേണ്ടി നടന്നു. അൻപത് അടിയിൽ കൂടുതലുള്ള സ്ഥലം വേണം. പിന്നെ 17 താഴത്തേക്ക് കുഴിക്കുകയും വേണം. എന്നാലെ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റുള്ളൂ. ഒടുവിൽ പെരുമ്പാവൂരിൽ ഒരു ഗോഡൗൺ കണ്ടെത്തി. അവിടെയാണ് സെറ്റ് ഇട്ടത്.
പത്തടി കഴിഞ്ഞപ്പോൾ തന്നെ അവിടെ വെള്ളം കണ്ടു. റിംഗ് ഇട്ട് അതിനെ കിണറാക്കി മാറ്റി. 50 അടിയാണ് സെറ്റിന്റെ ഹൈറ്റ്. തണുത്ത വെള്ളമാണ് ഉപയോഗിച്ചത്. 125 ഐസ് ക്യൂബ് ദിവസവും നമ്മൾ വാങ്ങി. രണ്ട് മൂന്ന് ടാങ്കർ ലോറിയിൽ ഐസ് ഇട്ട് ചെയ്തു. ഫ്ലോർ ഫുൾ എസിയാണ്.
കൊടൈക്കനാൽ ആണല്ലോ അഭിനേതാക്കൾ വിയർക്കാൻ പാടില്ലല്ലോ. ഇവർക്ക് ഇറങ്ങി വരാനായി അൻപത് അടി ഹൈറ്റുള്ള മൂന്ന് കുഴികൾ വേറെ സെറ്റ് ചെയ്തിരുന്നു. സൗബിനും ഭാസിയും തൂങ്ങി കിടക്കുന്നത് 40 അടി മുകളിൽ കയറിലാണ്. അതിനിടയിലാണ് അഭിനയിക്കുന്നതും. ഭയങ്കര റിസ്ക് ആയിരുന്നു