ന്യൂഡല്‍ഹി:രാജ്യത്തെ ടെലികോം മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ച് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. 2019 ഡിസംബര്‍ ഒന്നുമുതല്‍ താരിഫ് നിരക്കുകള്‍ ഉചിതമായി വര്‍ദ്ധിപ്പിയ്ക്കുമെന്ന് വോഡാഫോണ്‍ ഐഡിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.എന്നാല്‍ താരിഫ് വര്‍ദ്ധനയുടെ വിശദാംശങ്ങള്‍ പുറത്തിവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസമുണ്ടായ സുപ്രീംകോടതി ഉത്തരവ് വഴി ഉണ്ടാകുന്ന ബാധ്യത കണക്കിലെടുത്ത് സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 50,921 കോടി രൂപയുടെ നഷ്ടമാണ് വൊഡഫോണ്‍ -ഐഡിയക്ക് സംഭവിച്ചത്. നവംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തില്‍ 23,045 കോടി രൂപയുടെ നഷ്ടം എയര്‍ടെല്ലും രേഖപ്പെടുത്തിയിട്ടുണ്ട്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖല എന്ന നിലയില്‍ വളരെയധികം മൂലധനവും തുടര്‍ച്ചയായ നിക്ഷേപവും ആവശ്യമാണ്, അതിനാല്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാന്‍ ഈ മേഖല പ്രാപ്തിയാര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. ”ഇതനുസരിച്ച് ഡിസംബറില്‍ എയര്‍ടെല്‍ നിരക്കുകള്‍ ഉചിതമായി വര്‍ധിപ്പിക്കും,” കമ്പനി-പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ മൊബൈല്‍ മേഖലയിലെ നിരക്കുകളില്‍ യുക്തിബോധം കൊണ്ടുവരുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി- ട്രായ് മുന്‍കൈയെടുക്കുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ടെലികോം വകുപ്പിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് കുടിശ്ശിക അടയ്ക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ മാസം വോഡഫോണ്‍ ഐഡിയ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആശ്വാസമേകുന്ന നടപടിയുണ്ടാകുമോ എന്നതിനെ ആശ്രയിച്ചാകും ഈ രംഗത്ത് തുടരാനാകുമോ എന്നകാര്യം നിശ്ചയിക്കുന്നതെന്നും വൊഡഫോണ്‍ ഐഡിയ വ്യക്തമാക്കി.ജിയോയില്‍ നിന്ന് മറ്റുഫോണുകളിലേക്ക് വിളിയ്ക്കുന്ന കോളുകള്‍ക്ക് മിനിട്ടില്‍ ആറു പൈസ നിരക്കില്‍ ഈടാക്കണമെന്ന ട്രായി നിര്‍ദ്ദേശമെത്തിയത് മുകേഷ് അംബാനിയുടെ ജിയോയ്ക്കും തിരിച്ചടിയായിരുന്നു.മുന്‍പുണ്ടായിരുന്ന നിരക്കുകള്‍ക്കൊപ്പം മറ്റുഫോണുകളിലേക്ക് വിളിയിക്കുന്നതിനായി ഉപഭോക്താക്കള്‍ കൂടുതല്‍ തുകയ്ക്ക് റീചാര്‍ജ് ചെയ്യേണ്ടതായി വരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ ജിയോ കൈവിട്ടതായാണ് റിപ്പോര്‍ട്ടികള്‍ പുറത്തുവരുന്നത്.