അവധിദിനം കമ്പ്യൂട്ടര്‍ വിഭാഗം തുറന്ന് തെളിവുനശിപ്പിയ്ക്കാന്‍ ശ്രമം,25 വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും രജിസ്‌ട്രേഷനും ഡിലീറ്റ് ചെയ്തു,കേരളസര്‍വ്വകലാശയില്‍ നടക്കുന്നത് ഞെട്ടിയ്ക്കുന്ന സംഭവങ്ങള്‍
തിരുവനന്തപുരം : മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ അവധിദിനമായ ഞായറാഴ്ച കമ്പ്യൂട്ടര്‍ വിഭാഗം തുറന്നതു തെളിവ് നശിപ്പിക്കാന്‍ ശ്രമം.25 വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മോഡറേഷന്‍ കൂട്ടി നല്‍കിയെന്നു തെളിഞ്ഞ ബി.സി.എ. കോഴ്സിലെ 25 വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ട്രേഷനുമാണിത്. ഡിലീറ്റ് ആക്കിയതില്‍ ഇവരുടെ 2019ലെ മാര്‍ക്കും ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്ക്തിരുത്തല്‍ പിടിക്കപ്പെടാതിരിക്കാനാണ് രജിസ്ട്രേഷന്‍ അടക്കം ഇല്ലാതാക്കിയത്.
ഈ വിദ്യാര്‍ഥികളുടെ ബാക്കപ്പ് ഫയല്‍ പരിശോധിച്ചപ്പോഴാണ് ഡിലീറ്റ് ചെയ്തത് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കമ്പ്യൂട്ടര്‍ റൂമില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ കയറിയത്.ഡിലീറ്റ് ചെയ്താലും വീണ്ടെടുത്താല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുമെന്ന് സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കി.വൈസ് ചാന്‍സലര്‍ ഇടപെട്ട് ഞായറാഴ്ച ഉച്ചയോടെ സെന്റര്‍ അടപ്പിക്കുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധനയ്ക്കെത്തുന്ന മൂന്നംഗ സമിതിക്ക് കൈമാറാനാണ് സെന്റര്‍ തുറന്നതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
ഞായറാഴ്ച രഹസ്യമായി ഓഫീസിലെത്തി ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ചാണ് ഓഫീസ് തുറന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.സര്‍വകലാശാലയിലെ നിയമം അനുസരിച്ച് രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിയുണ്ടെങ്കിലേ ജീവനക്കാര്‍ക്ക് അവധി ദിവസങ്ങളില്‍ ഓഫീസില്‍ എത്തി ജോലി ചെയ്യാന്‍ കഴിയൂ. രജിസ്ട്രാറുടെ അനുമതിക്കത്ത് സെക്യൂരിറ്റി ഓഫീസര്‍ക്കു നല്‍കണം. സെക്യൂരിറ്റി ഓഫീസര്‍ പരിശോധിച്ചശേഷം ഓഫീസ് തുറന്നു കൊടുക്കാം. ഇവിടെ അതൊന്നും പാലിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ വിദഗ്ധര്‍ പരിശോധന നടത്താനിരിക്കെ കള്ളക്കളിക്കു ശ്രമിച്ചെന്നാണ് സംശയം.