കോയമ്പത്തൂർ: ലൈംഗികാതിക്രമത്തിന് ഇരയായെന്ന വ്യോമസേനയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ വ്യോമസേനയിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലാണ് സംഭവം. രണ്ടാഴ്ച മുമ്പ് നൽകിയ പരാതിയിൽ വ്യോമസേന അധികൃതർ എടുത്ത നടപടിയിൽ തൃപ്തിയില്ലാത്തതിനാലാണ് പോലീസിനെ സമീപിക്കാൻ നിർബന്ധിതയാക്കിയതെന്ന് ഉദ്യോഗസ്ഥ പറഞ്ഞു.
കോയമ്പത്തൂരിലെ റെഡ്ഫീൽഡ്സിലെ വ്യോമസേന അഡ്മിനിസ്ട്രേറ്റീവ് കോളേജിലെ തന്റെ മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായതെന്ന് അവർ പറഞ്ഞു. പരിശീലനത്തിനായാണ് ഇവർ കോയമ്പത്തൂർ എയർഫോഴ്സ് കോളേജിലേക്കെത്തിയത്.
ഒരു കായിക മത്സരത്തിനിടെ പരിക്കേറ്റ് മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്നുവെന്നും പീന്നീട് ഉണരുമ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായെന്നും വനിത ഉദ്യോഗസ്ഥ പറഞ്ഞു. തുടർന്ന് അവർ വ്യോമസേനയ്ക്കും പിന്നീട് പോലീസിനും പരാതി നൽകുകയായിരുന്നു.
വ്യോമസേന പരാതി കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തിയുണ്ടെന്ന് വനിതാ ഉദ്യോഗസ്ഥ് പറഞ്ഞതിനാലാണ് പോലീസ് നടപടിയുമായി മുന്നോട്ട് പോയതെന്ന് കോയമ്പത്തൂർ പോലീസ് പറഞ്ഞു. നഗരത്തിലെ ഗാന്ധിപുരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള വനിതാ പോലീസ് സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
അറസ്റ്റിലായ ഛത്തീസ്ഗഡ് സ്വദേശിയായ ഉദ്യോഗസ്ഥനെ ഉദുമലപേട്ട് ജയിലിലേക്ക് റിമാൻഡ് ചെയ്തു. എന്നിരുന്നാലും, സായുധ സേനയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ പോലീസിന് അധികാരമില്ലെന്ന് പ്രതിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ കോടതിയിൽ വാദിച്ചു.