കൊവിഡിനെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രവും പ്രാണായാമവും! ഗുരുതര സാഹചര്യത്തിനിടെ വിചിത്ര പഠനവുമായി എയിംസ്
ഡെറാഡൂണ്‍: രാജ്യം കൊവിഡിന്റെ രണ്ടാം അതിതീവ്ര വ്യാപനത്തില്‍ പകച്ചുനില്‍ക്കുമ്പോള്‍ രോഗബാധയെ നേരിടാന്‍ വിചിത്ര പഠനങ്ങള്‍ നടത്തി ഋഷികേശിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.
കൊവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രത്തിനും പ്രാണായാമത്തിനും കഴിയുമോയെന്നാണ് എയിംസ് പരിശോധിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഫണ്ട് ഉപയോഗിച്ചാണ് പഠനം. ഇതുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ പഠനം പുരോഗമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദു മതചടങ്ങുകളില്‍ ഉപയോഗിക്കുന്ന മന്ത്രമായ ഗായത്രിയും യോഗയിലെ പ്രാണായാമവും മറ്റ് രോഗങ്ങള്‍ക്ക് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് കൊവിഡിനെ പ്രതിരോധിക്കുമോയെന്നാണ് അധികൃതര്‍ പഠനം നടത്തുന്നത്. കൊവിഡിനെതിരായ ഫലപ്രദമായ ചികിത്സയില്ലാത്ത സാഹചര്യത്തിലാണ് മരുന്നില്‍ നിന്ന് മാറി മന്ത്രത്തിലേക്ക് പഠനമെന്ന് ക്ലിനിക്കല്‍ ട്രയല്‍ രജിസ്റ്ററി വെളിപ്പെടുത്തി.
ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്നവരില്‍ സാധാരണ ചികിത്സയ്ക്കൊപ്പം ഗായത്രി മന്ത്രവും പ്രാണായാമവും പരീക്ഷിക്കുന്നുണ്ട്. പ്രാണായാമം മറ്റ് ചില അസുഖങ്ങള്‍ക്ക് ഫലപ്രദമാണെന്നും കൊവിഡിനെ പ്രതിരോധിക്കുമോയെന്നതില്‍ വ്യക്തതയില്ലെന്നും നേരത്തെ എയിംസ് ഡറക്ടര്‍ രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, രാജ്യത്തെ ജനക്കൂട്ടം കൊവിഡ് ബാധിച്ച് മരിച്ചു വീഴുമ്പോള്‍ അശാസ്ത്രീയമായ പഠനത്തിനായി എയിംസ് അധികൃതര്‍ പണം ചെലവാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.