മുംബൈ:ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് നഴ്സിങ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുപരീക്ഷയായ നഴ്സിങ് ഓഫീസര്‍ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് (നോര്‍സെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
18 എയിംസുകളിലായി 3055 ഒഴിവുകളാണ് നിലവിലുള്ളത്. പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ആകെ ഒഴിവുകളില്‍ 80 ശതമാനം വനിതകള്‍ക്കായിരിക്കും. ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 ജൂണ്‍ മൂന്നിനായിരിക്കും നടത്തുക.
ഒഴിവുകള്‍: ഭട്ടിന്‍ഡ- 142, ഭോപാല്‍- 51, ഭുവനേശ്വര്‍- 169, ബിബിനഗര്‍- 150, ബിലാസ്പുര്‍- 178, ദിയോഗര്‍- 100, ഗൊരഖ്പുര്‍- 121, ജോധ്പുര്‍- 300, കല്യാണി- 24, മംഗളഗിരി- 117, നാഗ്പുര്‍- 87, റായ്ബറേലി- 77, ന്യൂഡല്‍ഹി- 620, പട്ന- 200, റായ്പുര്‍- 150, രാജ്കോട്ട്- 100, ഋഷികേശ്- 289, വിജയ്പുര്‍/ ജമ്മു- 180.
ശമ്പളം: 9300-34,800 രൂപയും (റിവിഷനുമുന്‍പ്) ഗ്രേഡ് പേ 4600 രൂപയും.
യോഗ്യത: ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്/ ബി.എസ്സി. നഴ്സിങ്./ ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് മിഡ് വൈഫറിയില്‍ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. നഴ്സിങ് യോഗ്യത ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍/ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ച സര്‍വകലാശാലയില്‍നിന്നോ സ്ഥാപനത്തില്‍നിന്നോ നേടിയതായിരിക്കണം. അപേക്ഷകര്‍ക്ക് ഇന്ത്യന്‍/ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ നഴ്സസ് ആന്‍ഡ് മിഡ്വൈഫായുള്ള രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
പ്രായം: 18-30 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 13 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
പരീക്ഷ: 200 മാര്‍ക്കിനായിരിക്കും പരീക്ഷ. മൂന്ന് മണിക്കൂറായിരിക്കും സമയം. മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള 200 ചോദ്യങ്ങളാണ് ഉണ്ടാവുക. 180 ചോദ്യങ്ങള്‍ ബന്ധപ്പെട്ട വിഷയത്തില്‍നിന്നും ശേഷിക്കുന്ന 20 ചോദ്യങ്ങള്‍ ജനറല്‍ നോളജ് ആന്‍ഡ് ആപ്റ്റിറ്റിയൂഡ് എന്നിവയുമായി ബന്ധപ്പെട്ടതുമായിരിക്കും. ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ജനറല്‍, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 50 ശതമാനവും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 45 ശതമാനവും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 40 ശതമാനവുമാണ് വിജയിക്കാന്‍ വേണ്ടത്. ഭിന്നശേഷിക്കാര്‍ക്ക് അവര്‍ ഏത് വിഭാഗത്തില്‍ (ജനറല്‍/ ഇ.ഡബ്ല്യു.എസ്./ ഒ.ബി.സി./ എസ്.സി./ എസ്.ടി) പെടുന്നുവോ അവര്‍ക്ക് വേണ്ടതില്‍നിന്ന് അഞ്ചുശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും. ഈ പരീക്ഷയുടെ മെറിറ്റ് ലിസ്റ്റിന് അടുത്ത നോര്‍സെറ്റ് വിജ്ഞാപനംവരെയോ ആറുമാസമോ- ഏതാണോ ആദ്യം- അതുവരെ കാലാവധി ഉണ്ടായിരിക്കും.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 3000 രൂപയും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 2400 രൂപയുമാണ് ഫീസ്. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ് മുഖേന ഫീസടയ്ക്കാം.
എയിംസുകളിലെ മേല്‍പ്പറഞ്ഞ ഒഴിവുകള്‍ക്കുപുറമേ ന്യൂഡല്‍ഹിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യുബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസിലെ (എന്‍.ഐ.ടി.ആര്‍.ഡി.) രണ്ട് ഒഴിവുകളിലേക്കും നോര്‍സെറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്.
- അപേക്ഷ : www.aiimsexams.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങളും ഇതേ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ഒപ്പ്, ഫോട്ടോ, വിരലടയാളം എന്നിവ അപ്ലോഡ് ചെയ്യണം
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5 (വൈകീട്ട് 5 മണി).
- അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ മേയ് അഞ്ചുമുതല്‍ എട്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്.