KeralaNews

ഒരുമാസം പിഴ ഈടാക്കില്ല;എല്ലാ മാസവും ക്യാമറകളുടെ സ്ഥലംമാറ്റും,ലൈസൻസ് സ്മാർട്ട് കാർഡാക്കാൻ 200 രൂപ

തിരുവനന്തപുരം: ഗതാഗത കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ എല്ലാ മാസവും സ്ഥലം മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഏപ്രിൽ 20 മുതല്‍ മേയ് 19 വരെ പിഴയീടാക്കില്ലെങ്കിലും നിയമലംഘനം സംബന്ധിച്ച വിവരങ്ങള്‍ വാഹന ഉടമകളെ അറിയിക്കും. എത്ര തുക പിഴ ഈടാക്കാന്‍ സാധ്യതയുള്ള നിയമലംഘനമാണ് നടത്തിയതെന്ന് ഇതുവഴി അറിയാമെന്നും മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ചമുതല്‍ നിയമലംഘനങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എ.ഐ. ക്യാമറ ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഒരു മാസത്തേക്ക് പിഴയുണ്ടായിരിക്കില്ല. ബോധവത്കരണം മാത്രമായിരിക്കും. മേയ് 19 മുതല്‍ പിഴ ഈടാക്കും. ഇന്നുമുതൽ നിയമലംഘനം സംബന്ധിച്ച അറിയിപ്പുകള്‍ അതതു വ്യക്തികളുടെ സ്മാര്‍ട്ട് ഫോണിലേക്കെത്തും. ഇതിന്റെ പിഴത്തുക എത്രയെന്നതും ബോധ്യപ്പെടുത്തും.

1,000 രൂപയാണ് ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച പിഴ. കേരളത്തിലിത് 500 രൂപയാണ്. അങ്ങനെ നോക്കിയാല്‍ വളരെ കുറച്ചു മാത്രമാണ് കേരളം ഈടാക്കുന്ന പിഴ. അപകടങ്ങള്‍ കുറയ്ക്കാനുള്ള ചെറിയ ശിക്ഷ മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

ഇരുചക്ര വാഹനത്തിൽ സാധാരണ കുടുംബം യാത്രചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത് കേന്ദ്ര നിയമമാണ്. അതില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് നിയമം കൊണ്ടുവന്നത്. ഈ നിയമങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുമായി രംഗത്തുവരുന്നത്. സര്‍ക്കാരിനു വേണ്ടിയല്ല, ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇപ്പോഴത്തെ സജ്ജീകരണങ്ങള്‍. അതിനെ മറികടക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷിക്കരുത്.

അപകടങ്ങളില്‍ മരിക്കുന്ന 58 ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നവരാണ്. ഇത്തരം മരണങ്ങള്‍ കുറയ്ക്കുകയെന്നതാണ് ക്യാമറ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അപകടങ്ങള്‍ ഇല്ലാത്ത ദിവസങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഈ സംവിധാനങ്ങളെല്ലാം. എല്ലാ ജില്ലകളിലേക്കുമായി വാഹനങ്ങളുടെ വേഗം പരിശോധിക്കുന്ന മൊബൈല്‍ പരിശോധനാ സംവിധാനങ്ങള്‍ അധികമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇനിമുതൽ ലൈസൻസ് കാർഡുകൾ സ്മാർട്ട് കാർഡുകളായിരിക്കും. നിലവിലെ ലൈസൻസ് ഉടമകള്‍ക്ക് ഇപ്പോഴുള്ള ലൈസൻസ് സ്മാർട്ട് കാർഡ് ആക്കിമാറ്റാം. ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കുന്നതിന് 200 രൂപയും പോസ്റ്റല്‍ ചാര്‍ജും ഈടാക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1,200 രൂപയും പോസ്റ്റല്‍ ചാര്‍ജുമാക്കി വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker