ഡല്‍ഹി എയിംസിലെ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഭാര്യയ്ക്കും രോഗബാധ
ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഡോ. ജിതേന്ദ്രനാഥ് പാണ്ഡെ(78) ആണ് മരിച്ചത്. എയിംസിലെ ശ്വാസകോശ വിഭാഗം തലവനായിരുന്നു ഇദ്ദേഹം.
എയിംസില്‍ ഈ വകുപ്പിന്റെ കീഴിലാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത്. ജിതേന്ദ്രനാഥിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും ഇരുവരും വീട്ടില്‍ ചികിത്സയിലായിരുന്നുവെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. മരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അനുശോചനം അറിയിച്ചു.
അതേസമയം രാജ്യത്ത് കടുത്ത ആശങ്ക പരത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 6,767 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 1,31,868 ആയി ഉയര്‍ന്നു. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 24 മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,867 ആയി.
നിലവില്‍ 73,560 പേരാണ് ചികിത്സയിലുള്ളത്. 54,440 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയ്ക്കു (47,190) പിന്നാലെ തമിഴ്‌നാട് (15512), ഗുജറാത്ത് (13,664), ഡല്‍ഹി (12,910) എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്ര (1,577), ഗുജറാത്ത് (829), മധ്യപ്രദേശ് (281), ബംഗാള്‍ (269), ഡല്‍ഹി (231) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം. രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതല്‍ തീവ്രമാകുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അടുത്ത രണ്ടു മാസം കൂടുതല്‍ ജാഗ്രത വേണം. ആശുപത്രികള്‍ സജ്ജമായിരിക്കണം. കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം കൂട്ടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.