ന്യൂഡൽഹി : കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് മല്ലികാർജുൻ ഖാർഗെ. നിലവിലെ പ്രവർത്തക സമിതി അംഗങ്ങൾ രാജി വച്ചതിനെ തുടർന്ന് പുതിയ പ്രവർത്തക സമിതി ചുമതലയേക്കുംവരെയുള്ള സംവിധാനമായാണ് സ്റ്റിയറിംഗ് കമ്മിറ്റി നിലവിൽ വരുന്നത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗങ്ങളാണ്. മുൻ പധാനമന്ത്രി മൻമോഹൻസിംഗ്, മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവരും സമിതിയിൽ ഇടം നേടി. കെ.സി. വേണുഗോപാലാണ് പ്രതീക്ഷിച്ചതു പോലെ കമ്മിറ്റിയിലെത്തിയ മറ്റൊരു നേതാവ്. അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂർ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഇടം നേടിയില്ല.
അടുത്ത വർഷംആദ്യം നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവർത്തക സമിതി നിയമിക്കപ്പെടുക. അതുവരെ സ്റ്റിയറിംഗ് കമ്മിറ്റിയാകും പാർട്ടിയുടെ നേതൃപരമായ ചുമതല വഹിക്കുക. അഭിഷേക് മനു സിംഗ്‌വി, അജയ് മാക്കൻ, അംബികാ സോണി, ജയറാം രമേശ്, ജിതേന്ദ്ര സിംഗ്, മുകുൾ വാസ്നിക്, പി ചിദംബരം, രൺദീപ് സുർജെവാല, താരീഖ് അൻവർ, അധീർ രഞ്ജൻ ദാസ് ചൗധരി, ദിഗ്വിജയ് സിംഗ്, മീരാ കുമാർ, പവൻ കുമാർ ബൻസൽ, രാജീവ് ശുക്ല, സൽമാൻ ഖുർഷിദ് എന്നിവരടക്കം ആകെ 47 പേരാണ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയിലുള്ളത്..