സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

കോഴിക്കോട്: കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ഉസ്മാന്‍ (80) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം വൃക്കരോഗിയായിരുന്നു.

ഇന്നത്തെ മൂന്നാമത്തെ കൊവിഡ് മരണമാണ് കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാസര്‍ഗോഡും, ആലപ്പുഴയിലുമാണ് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് ബേക്കല്‍ കുന്ന് സ്വദേശി മുനവര്‍ റഹ്മാന്‍ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ് മരണം. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു.

ആലപ്പുഴയില്‍ നിന്നാണ് ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് മരിച്ചത്. 21 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായ സുരഭിദാസ് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാരം നടക്കും.

സംസ്ഥാനത്ത് ഇന്നലെ മാത്രം പതിനൊന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ പുറത്തുവന്ന ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തില്‍ 326 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News