CrimeKeralaNews

ഹാളില്‍ ബോംബ് സ്ഥാപിച്ച ശേഷം മാർട്ടിൻ പിൻനിരയിൽ ഇരുന്നു, പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത മാർട്ടിൻ ഡൊമിനിക്കിനെ വിശദമായി ചോദ്യം ചെയ്ത് പോലീസ്. ഇയാൾ ബോംബ് നിർമ്മിച്ചത് യൂട്യൂബ് നോക്കിയാണ് എന്ന് മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ യൂട്യൂബ് ഹിസ്റ്ററി അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ഇയാളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.

നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നും സ്ഫോടന ദൃശ്യങ്ങൾ പിൻനിരയിലിരുന്ന് മൊബൈലിൽ ചിത്രീകരിച്ചെന്നും ഇയാൾ പറയുന്നു. പുലർച്ചെ അഞ്ച് മണിക്കാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ബോംബുകൾ. ബൈക്കിലായിരുന്നു യാത്ര. കൺവെൻഷൻ സെന്ററിൽ എത്തിച്ച ബോംബ് നാലിടത്തായി സ്ഥാപിച്ചുവെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

വിശ്വാസികൾ എല്ലാവരും പ്രാർഥനയിലായിരിക്കുമ്പോൾ ഇയാൾ പിൻനിരയിൽ നിന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. മാത്രമല്ല, സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക കൂടി ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഡൊമിനിക് മാർട്ടിൻ ഹാജരാക്കിയ ഓരോ തെളിവുകളും പോലീസ് കൃത്യമായി പരിശോധിക്കുന്നുണ്ട്. പലകടകളിൽ നിന്നായിട്ടാണ് സ്ഫോടവസ്തുക്കൾ അടക്കം വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നൽകിയതായാണ് വിവരം.

കൃത്യം താൻ ഒറ്റക്ക് തന്നെ ചെയ്തു എന്നാണ് മാർട്ടിൻ പോലീസിന് നൽകിയ മൊഴി. എന്നാൽ ആദ്യഘട്ടത്തിൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. എല്ലാവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾക്കൊപ്പം വേറെ ആരെങ്കിലും സ്ഥലത്ത് എത്തിയോ, മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്ന വിവരങ്ങളൊന്നും തന്നെ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് ഈ വശങ്ങളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഒട്ടനവധി വിവരങ്ങൾ ലഭിച്ചതായാണ് വിവരം.

ബോംബ് നിർമ്മാണത്തിനാവശ്യമായ ബാറ്ററി, സാമഗ്രികൾ, പെട്രോൾ അടക്കം വാങ്ങിയത് കൊച്ചിയിൽ നിന്ന് തന്നെയാണെന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായിരിക്കുന്നത്. എറണാകുളത്തെ പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയത്. ബോംബ് നിർമ്മാണം വീട്ടിൽ വെച്ച് തന്നെ ആയിരുന്നു. ബോംബ് പൊട്ടിയതിന് ശേഷം ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

ഇവിടെ നിന്ന് നേരെ ചാലക്കുടിയിലേക്കായിരുന്നു ഇയാൾ പോയത്. ചാലക്കുടിയിൽ എത്തിയ ഇയാൾ മുറിയെടുത്ത ശേഷം വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഓരോന്നിന്റെയും തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്. ഇതുവരെ ഇയാൾ പറഞ്ഞ കാര്യങ്ങളൊക്കെ പോലീസ് സ്ഥിരീകരിച്ചതായാണ് വിവരം.

ബോംബ് നിർമാണ പ്രക്രിയ അടക്കം പഠിച്ചത് ഇന്റനെറ്റിൽ നിന്നാണെന്നാണ് ഇയാൾ പറയുന്നത്. യൂട്യൂബ് ലോഗിൻ വിവരങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുവരെ അറസ്റ്റ് റെക്കോർഡ് രേഖപ്പെടുത്തിയിട്ടില്ല. സമ്പൂർണ വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button