25.4 C
Kottayam
Friday, May 17, 2024

24വർഷത്തിനുശേഷം കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുള്ള അധ്യക്ഷൻ; വോട്ടെണ്ണൽ ആരംഭിച്ചു

Must read

ന്യൂഡല്‍ഹി: 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഇന്ന് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു അധ്യക്ഷന്‍ വരും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ തരൂരോ ആരാകും ചരിത്രം തിരുത്തുക എന്നത് ഉച്ചയോടെ അറിയാനാകും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തു മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് ആറാം തവണ നടന്ന തിരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് നടന്നത്. ഗൗരവ് ഗൊഗോയ് ആണ് ഖാര്‍ഗെയുടെ കൗണ്ടിങ് ഏജന്റ്‌.

ഗാന്ധി കുടുംബത്തിന്റെയും മുതിര്‍ന്ന നേതാക്കളുടെയുമെല്ലാം അനൗദ്യോഗിക പിന്തുണയുള്ള ഖാര്‍ഗെ ജയിക്കാനാണ് സാധ്യത. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കലും ആശയപരമായി നവീകരിക്കലും തിരഞ്ഞെടുപ്പ് ജയിക്കുന്നതുമടക്കമുള്ള വന്‍വെല്ലുവിളികളാണ് പുതിയ അധ്യക്ഷന് മുന്നിലുള്ളത്.

പി.സി.സി. ആസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രയിലുമായി സജ്ജീകരിച്ച 68 പോളിങ് ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് പെട്ടികള്‍ ചൊവ്വാഴ്ച വൈകീട്ടോടെ എ.ഐ.സി.സി. ആസ്ഥാനത്തെത്തിച്ചിരുന്നു. എ.ഐ.സി.സി.യിലെ ബാലറ്റുപെട്ടിയും ചേര്‍ത്ത് ഇവ സ്‌ട്രോങ് റൂമില്‍ മുദ്രവെച്ചു. ഇന്ന് രാവിലെ പുറത്തെടുത്ത് എല്ലാ പെട്ടിയിലെയും ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തിയിയാണ് എണ്ണല്‍ ആരംഭിച്ചത്‌. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേരാണ് (95.78 ശതമാനം) വോട്ടുചെയ്തത്. ഇവ കൂട്ടിക്കലര്‍ത്തുന്നതോടെ ഓരോ സംസ്ഥാനത്തും എത്ര പേര്‍ വീതം ഓരോരുത്തര്‍ക്കും വോട്ടുചെയ്തു എന്നു കണ്ടെത്താനാവില്ല.

പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതോടെ നീണ്ടകാലം പാര്‍ട്ടിയെ നയിച്ച സോണിയ ഗാന്ധിയുടെ പടിയിറക്കം കൂടിയാകും ഇന്നത്തെ ദിനം. 1998 മുതല്‍ 2017 വരെയും അധ്യക്ഷ സ്ഥാനത്തും 2019 മുതല്‍ ഇടക്കാല അധ്യക്ഷ പദവിയിലും തുടര്‍ന്നുവരികയായിരുന്നു സോണിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week