ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്‌കരിച്ചു. രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍കേന്ദ്രത്തിലെയും സമീപത്തെ വളര്‍ത്തു കേന്ദ്രത്തിലെയും 18 പന്നികളെയാണു പ്രത്യേക സംഘം വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്ന് ശാസ്ത്രീയമായി കുഴിച്ചിട്ടത്.
മൂന്നുമണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃഗസംരക്ഷണ വകുപ്പില്‍നിന്നു പ്രത്യേകപരിശീലനം ലഭിച്ച ഡോ. ജോമോന്‍, ഡോ. എഡിസണ്‍, ഡോ. സംഗീത്, ഡോ. അനുരാജ്, ഡോ. മുഹമ്മദ് ഷിഹാബ്, ഡോ. റാണിഭരതന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ജയപ്രകാശ്, സഞ്ജീവന്‍, അഭിലാഷ്, ജിജിതോമസ്, സുജിമോന്‍ തുടങ്ങിയവരാണ് അതീവ സുരക്ഷയോടെ നടപടികള്‍ ക്രമീകരിച്ചത്. ജില്ലാ ഓഫീസര്‍ ഡോ. സജീവ് കുമാര്‍, ജില്ലാ കോ -ഓര്‍ഡിനേറ്റര്‍, ഡോ. വിമല്‍ സേവ്യര്‍, ഡോ. വൈശാഖ് മോഹന്‍ എന്നിവരും സ്ഥലത്തെത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ശശികലയുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തും രംഗത്തുണ്ടായിരുന്നു. രണ്ടു കേന്ദ്രങ്ങളിലായി 13 പന്നികളെയാണു കഴിഞ്ഞദിവസം കൊല്ലാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ഒരു പന്നി പ്രസവിച്ചപ്പോള്‍ അഞ്ചു കുഞ്ഞുങ്ങളുമായി. ഇതോടെയാണ് എണ്ണം 18 ആയത്. വ്യാഴാഴ്ചയാണ് ഇവിടെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു പന്നികള്‍ രോഗംബാധിച്ചു ചത്തിരുന്നു. തുടര്‍ന്നാണ് ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
എല്ലാ നടപടികളും മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയാണു പന്നികളെ കൊന്നു സംസ്‌കരിച്ചതെന്നു മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച സംഘം വീണ്ടുമെത്തി പന്നികളെ കുഴിച്ചിട്ടയിടങ്ങളില്‍ അണുനാശിനിയായി സോഡിയം സൈപ്പോക്ലോറൈറ്റ് തളിക്കും. തുടര്‍ന്നും വകുപ്പിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തും. അഞ്ചുദിവസം കൂടുമ്പോള്‍ അണുനശീകരണം നടത്തും. നിലവില്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ പന്നിവളര്‍ത്തുന്നതിനും വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ട്. ഇതും 10 കിലോമീറ്റര്‍ പരിധിയിലെ നിരീക്ഷണവും അടുത്ത രണ്ടുമാസം തുടരും.