KeralaNews

ഐഷ സുല്‍ത്താനയുടെ പ്രസ്താവനയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല; രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കാളീശ്വരം രാജ്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരെ സംസാരിച്ചതിന്റെ പേരില്‍ ദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഐഷയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കാളീശ്വരം രാജ് പ്രതികരിച്ചു. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാബെഞ്ചിന്റെ വിധിയും മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവാ കേസിലെ സുപ്രീം കോടതിവിധിയും അനുസരിച്ച് ഐഷയ്ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഐഷ സുല്‍ത്താനയുടെ പ്രസ്താവനയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല,’ കാളീശ്വരം രാജ് പറഞ്ഞു.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്.

ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം. എന്നാല്‍ പരാതി നല്‍കിയ ദ്വീപ് ബിജെപി പ്രസിഡന്റിന് എതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ രംഗത്തെത്തി. പലരും പാര്‍ട്ടി വിടുകയും ചെയ്തിരിക്കുകയാണ്. ലക്ഷദ്വീപിലെ ബിജെപിക്കും ക്ഷീണമായിരിക്കുകയാണ് ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍.

ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചകളില്‍ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് ഐഷ സുല്‍ത്താന പറഞ്ഞിരുന്നു. ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം ദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അഡ്മിനിസ്ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button