തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ് എം.പി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഡിസിസിക്ക് വീഴ്ച പറ്റി. ഡിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചില്ല. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. ഡിസിസി തുടരണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയാണ്. അവസരം കിട്ടിയാല്‍ ഡിസിസിയുടെ വീഴ്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ തുറന്നു പറയുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനെന്ന പേരില്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു. പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയെന്ന ആരോപണം ശരിയല്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. കോന്നിയില്‍ മത്സരിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥി ആരെന്ന് തന്നോട് ചോദിച്ചപ്പോഴാണ് റോബിന്‍ പിറ്ററുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ ഡിസിസി ഇതിനെ എതിര്‍ത്ത് മോഹന്‍രാജിനെ നിര്‍ദേശിച്ചു. ജാതിമത ചിന്തകള്‍ക്കതീതമായാണ് സ്ഥാനാര്‍ഥിയെ താന്‍ നിര്‍ദേശിച്ചത്. മോഹന്‍രാജിന്റെ പരാജയത്തില്‍ ഖേദിക്കുന്നതായും അടൂര്‍ പ്രകാശ് പറഞ്ഞു.