മലപ്പുറം: സിനിമക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും പ്രതികരിക്കാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളപ്പോഴൊന്നും സിനിമാ പ്രവര്‍ത്തകരും വ്യവസായികളും ശബ്ദിക്കില്ലെന്നും അടൂര്‍ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടെന്നും അടൂര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന് നേരത്തെയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ പൗരന്മാര് ഭയപ്പാടോടെ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള് ജീവിക്കുന്നത് എന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അടൂര്‍ പറഞ്ഞിരുന്നു.