27.7 C
Kottayam
Monday, April 29, 2024

വിനോദയാത്രയ്ക്ക് പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത

Must read

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം(31) എന്നിവരാണ് മരിച്ചത്.

അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരില്‍നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലാണ് അപകടം നടന്നത്‌. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

അനുജയും ഹാഷിമും സഞ്ചരിച്ചിരുന്ന കാര്‍ പത്തനാപുരം ഭാഗത്തുനിന്നാണ് വന്നത്. ഈ കാര്‍, എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗത്തില്‍ ഇടിച്ചു കയറ്റുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു.സ്‌കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. സഹ അധ്യാപകരാണ് ഇക്കാര്യം പറഞ്ഞത്.  അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി.

അപകടത്തില്‍ പരിക്കേറ്റ അനുജയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മറ്റ് അധ്യാപകരും ആശുപത്രിയില്‍ എത്തിയിരുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നിസാം റാവുത്തര്‍ പറഞ്ഞു. അനുജയും സംഘവും വന്ന വാഹനത്തിന് പിന്നാലെ ഹാഷിം കാറുമായി എത്തുകയായിരുന്നു. പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്തുവെച്ച്‌ അധ്യാപകസംഘത്തിന്റെ വാഹനത്തിന് കുറുകേ നിര്‍ത്തി. വാഹനത്തിന്റെ വാതിലില്‍ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കി. ആരാണെന്ന്‌ സഹഅധ്യാപകര്‍ ചോദിച്ചപ്പോള്‍ കൊച്ചച്ചന്റെ മകന്‍ ആണെന്നായിരുന്നു അനുജയുടെ മറുപടി. വീട്ടിലേക്ക് എത്തിക്കോളാം എന്നും പറഞ്ഞു. തുടര്‍ന്ന് സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും തങ്ങള്‍ സ്‌റ്റേഷനിലേക്ക് എത്താമെന്നും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നൂറനാട് പോലീസ് സ്‌റ്റേഷന്‍ വഴി അടൂര്‍ സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ആ സമയത്താണ് അപകടവിവരം അറിയുന്നത്.

കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം ഹരിയാണയ്ക്ക് പോകാന്‍ ശിവകാശിയ്ക്ക് പുറപ്പെട്ടതായിരുന്നു ലോറി. പത്തനാപുരം ഭാഗത്തുനിന്ന് തെറ്റായ ദിശയില്‍ വന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week