26.9 C
Kottayam
Thursday, May 16, 2024

ബി.ജെ.പിയ്ക്കായി കളത്തിലിറങ്ങി നടി ശോഭന,രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യർത്ഥിച്ചു

Must read

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ വെച്ച് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആദ്യം ഞാൻ മലയാളം പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നെയ്യാറ്റിൻകരയിലെ പ്രചാരണപരിപാടികളിലും ശോഭന പങ്കെടുക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കവെ വന്‍ നീക്കം നടത്തി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബിജെപി. പ്രമുഖരുടെ നീണ്ട നിര വൈകാതെ കേരളത്തിലേക്ക് എത്തും. പ്രധാനമായും തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളാണിവര്‍ കേന്ദ്രീകരിക്കുക. സിനിമാ താരങ്ങള്‍, ഐടി രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അടങ്ങുന്ന പട്ടിക ബിജെപി തയ്യാറാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നുപോയ ശേഷമാകും താരനിര തിരുവനന്തപുരത്ത് ഇറങ്ങുക. ആര്‍എസ്എസിന്റെ സ്വാധീനവും പ്രചാരണം കൊഴുപ്പിക്കാന്‍ ഉപയോഗിക്കും.

ബിജെപി വളരെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരവും തൃശൂരും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപി ജില്ലാ നേതാക്കള്‍ക്കിടയില്‍ അതൃപ്തി നിലനിന്നിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു. നിലവില്‍ എല്ലാ കഴിവും പുറത്തെടുത്ത് ജനങ്ങളെ ആകര്‍ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

പ്രചാരണത്തിന് വേണ്ടി ആരെയെല്ലാം ഇറക്കണം എന്ന് ബിജെപി നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. വിശദമായ പട്ടിക തയ്യാറാക്കുകയും ചെയ്തു. ഇതില്‍ മോഹന്‍ലാല്‍, ശോഭന, ബോളിവുഡ് താരങ്ങള്‍, വിവിധ ഭാഷകളിലെ സംവിധായകര്‍, ഐടി രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുമായി സംസാരിച്ച് പ്രചാരണ വേദികളിലെത്തിക്കാനാണ് ശ്രമം.ശോഭന എത്തിയെങ്കിലും മറ്റാരെല്ലാം വരുമെന്ന കാര്യം ഉറപ്പായിട്ടില്ല.

താര പ്രചാരകരെ ഇറക്കിയാല്‍ അന്തിമഘട്ട പ്രചാരണം കൊഴുപ്പിക്കാമെന്നും രംഗം കീഴടക്കാമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു. സുരേഷ് ഗോപി ഇതിനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു. നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ ശോഭന സംബന്ധിച്ചത് ഈ വാര്‍ത്തകള്‍ക്ക് ബലമേകി. പക്ഷേ ശേഭന സ്ഥാനാര്‍ഥിയായി വന്നില്ല. പകരമെത്തിയത് രാജീവ് ചന്ദ്രശേഖറാണ്.

മോഹന്‍ലാല്‍ ബിജെപി പരിപാടിക്ക് എത്താന്‍ സാധ്യത കുറവാണ്. പലപ്പോഴും സംഘപരിവാറുമായി ബന്ധപ്പെടുത്തി മോഹന്‍ലാലിന്റെ പേര് ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പരസ്യമായി ഏതെങ്കിലും പാര്‍ട്ടിയോട് പ്രത്യേക മമത മോഹന്‍ലാല്‍ പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, സര്‍ക്കാര്‍ പരിപാടികളില്‍ മോഹന്‍ലാല്‍ പങ്കെടുക്കാറുമുണ്ട്.

നിരവധി തവണ മല്‍സരിച്ച സുരേഷ് ഗോപിയുടെ പ്രചാരണത്തിന് പോലും മോഹന്‍ലാല്‍ ഇതുവരെ എത്തിയിട്ടില്ല.തിരുവനന്തപുരത്ത് ശശി തരൂര്‍ ജയിക്കുമെന്നാണ് ഇതുവരെയുള്ള മിക്ക അഭിപ്രായ സര്‍വേകളും വ്യക്തമാക്കുന്നത്. ഇടതു സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനും വലിയ ആത്മവിശ്വാസത്തിലാണ്. ബിജെപിക്ക് മികച്ച സ്വാധീനമുള്ള മണ്ഡലമായതിനാല്‍ രാജീവ് ചന്ദ്രശേഖറിന്റെ അട്ടിമറി വിജയം തള്ളിക്കളയാനുമാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week