വർക്ക് ഔട്ട് വീഡിയോയുമായി സാമന്ത
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സന്ധി ( Fitness Goal ) ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ചെറിയ വേഷങ്ങള്‍ ചെയ്യുന്നവര്‍ പോലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്താറുണ്ട്. മിക്കവരും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ( Social Media ) പങ്കുവയ്ക്കാറുണ്ട്.
പ്രത്യേകിച്ച് കൊവിഡ് കാലത്ത് മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിത്തുടങ്ങി. അത്തരത്തില്‍ തന്റെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ പതിവായി ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നൊരു താരമാണ് സാമന്ത.
വിവാഹമോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ നേരിട്ടെങ്കിലും അതൊന്നും ബാധിക്കാതെ തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സാമന്ത. സിനിമയ്ക്ക് വേണ്ടി സാമന്ത ചെയ്യുന്ന കഠിനാദ്ധ്വാനം അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കാണുമ്പോള്‍ തന്നെ നമുക്ക് വ്യക്തമാകും.
ഇത്തവണ സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോയ്്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തന്റെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിക്കൊപ്പമാണ് സാമന്ത വര്‍ക്കൗട്ട് ചെയ്യുന്നത്. സാഷ എന്ന് പേരുള്ള വളര്‍ത്തുപട്ടിയെ സാമന്തയുടെ ഫിറ്റ്‌നസ് പരിശീലകന്‍ ജുനൈദ് ഷെയ്ഖ് പരിപാലിക്കുന്നത് വീഡിയോയില്‍ കാണാം.
വളര്‍ത്തുമൃഗങ്ങളോട് വളരെയധികം അടുപ്പം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് സാമന്ത. ഇതുതന്നെയാണ് പുതിയ വീഡിയോയും വ്യക്തമാക്കുന്നത്. സാഷയുടെ പേര് കൂടി ടാഗ് ചെയ്താണ് സാമന്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.