NationalNews

പൊലീസ് കസ്റ്റഡിയിലും നടി പവിത്ര ഗൗഡയ്ക്ക്‌ മേക്കപ്പും ലിപ്സ്റ്റിക്കും; എസ്‌ഐക്ക് നോട്ടീസ്

ബെംഗളൂരു: ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്റെ പങ്കാളിയായ പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയില്‍ മേക്കപ്പ് ചെയ്യാന്‍ അനുവദിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ. സംഭവം വിവാദമായതോടെ കര്‍ണാടക പൊലീസ് വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് നോട്ടീസ് അയച്ചതായി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജൂണ്‍ 15 ന് പവിത്ര ഗൗഡയെ ബംഗളൂരുവിലെ കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനായി അവരുടെ വസതിയിലേക്ക് കൊണ്ടുപോയിരുന്നു.

പവിത്ര ഗൗഡ തന്റെ വീട്ടില്‍ നിന്ന് പൊലീസുകാര്‍ക്കൊപ്പം മടങ്ങുമ്പോള്‍ ലിപ്സ്റ്റിക്കും മേക്കപ്പും ധരിച്ച ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ദര്‍ശന്റെ ആരാധകന്‍ രേണുകസ്വാമിയുടെ കൊലപാതക കേസില്‍ ആണ് പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഡിസിപി (വെസ്റ്റ്) ഓഫീസില്‍ നിന്ന് എസ്‌ഐക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

പവിത്ര ഗൗഡ താമസിക്കുന്ന വീട്ടില്‍ എപ്പോഴും മേക്കപ്പ് ബാഗ് സൂക്ഷിക്കാറുണ്ട് എന്നും വീട്ടിലെത്തിയപ്പോള്‍ അവര്‍ വാഷ്റൂം ഉപയോഗിക്കണമെന്ന് പറഞ്ഞിരുന്നതായും വനിതാ എസ്ഐ വ്യക്തമാക്കിയിട്ടുണ്ട് എന്നും വെസ്റ്റ് ഡിസിപി ഗിരീഷ് പറഞ്ഞു. വാഷ് റൂമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ അവര്‍ മേക്കപ്പിട്ടിട്ടുണ്ടായിരുന്നു. ഇത് വനിതാ എസ്ഐയുടെ ശ്രദ്ധയില്‍പെടാന്‍ സാധ്യതയുണ്ട്.

തീര്‍ച്ചയായും മേക്കപ്പ് ചെയ്യുന്നത് എസ് ഐ വിലക്കേണ്ടതായിരുന്നു എന്നും ഈ അശ്രദ്ധ ചൂണ്ടിക്കാട്ടി എസ് ഐയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട് എന്നും ഗിരീഷ് പറഞ്ഞു. അതിനിടെ, പവിത്ര ഗൗഡയുടെ അമ്മയും മകളും സെന്‍ട്രല്‍ ജയിലില്‍ വച്ച് അവരെ കണ്ടുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ദര്‍ശന്റെ കൈവശമുള്ള രണ്ട് യുഎസ് നിര്‍മ്മിത പിസ്റ്റളുകള്‍ പിടിച്ചെടുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍, പവിത്ര ഗൗഡ എന്നിവരെ കൂടാതെ 15 പേരാണ് അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ. പവിത്രയുടെ നിര്‍ബന്ധപ്രകാരമാണ് ദര്‍ശന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. ദര്‍ശന്റെ കടുത്ത ആരാധകനായ രേണുകസ്വാമിയെ പവിത്ര ഗൗഡ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റേയും സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റുകളിട്ടതിന്റേയും പേരിലാണ് കൊലപ്പെടുത്തിയത്.

ദര്‍ശന്‍ തൂഗുദീപ രണ്ടാം പ്രതിയാണ്. രേണുകാസ്വാമിയെ മറ്റ് പ്രതികള്‍ മര്‍ദനത്തിനിരയാക്കുമ്പോള്‍ പവിത്രയും ദര്‍ശനും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും തമ്മില്‍ അടുപ്പത്തിലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട്. ഇതിനെ ചൊല്ലി ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും സോഷ്യല്‍ മീഡിയയില്‍ വാക്ക്‌പോരും നടത്തിയിരുന്നു.

ദര്‍ശന്‍-വിജയലക്ഷ്മി ദമ്പതികളുടെ ജീവിതം തകര്‍ക്കാന്‍ കാരണക്കാരി പവിത്രയാണ് എന്നാരോപിച്ചാണ് രേണുകാസ്വാമി പവിത്രക്കെതിരെ തിരിഞ്ഞത്. തുടര്‍ന്ന് ജൂണ്‍ എട്ടിന് ദര്‍ശനേര്‍പ്പെടുത്തിയ സംഘം രേണുകാസ്വാമിയെ നടനെ പരിചയപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് വണ്ടിയില്‍ കയറ്റുകയും പിന്നീട് ഒരു ഷെഡ്ഡിലെത്തിച്ച മര്‍ദ്ദിക്കുകയുമായിരുന്നു. രേണുകാസ്വാമിയെ മര്‍ദ്ദിക്കുന്നതിനും ഇലക്ട്രിക് ഷോക്കുകള്‍ നല്‍കുന്നതിനുമെല്ലാം ദര്‍ശനും പവിത്രയും സാക്ഷിയായിരുന്നു.

ശരീരത്തിലേറ്റ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നതാണ് രേണുകാസ്വാമിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്ന നിലയിലായിരുന്നു. ഒരു ചെവി നഷ്ടപ്പെട്ടിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ലക്ഷം രൂപയുടെ ക്വട്ടേഷനായിരുന്നു രേണുകസ്വാമി കൊലപാതകം. തട്ടിക്കൊണ്ടുപോവലിനും കൊലപാതകത്തിനും മൃതദേഹം അഴുക്കുചാലില്‍ തള്ളുന്നതിനുമൊക്കെ നേതൃത്വം നല്‍കിയ പ്രദോഷ് എന്നയാള്‍ക്ക് 30 ലക്ഷം രൂപയാണ് ദര്‍ശന്‍ നല്‍കിയത്.

കുറ്റമേല്‍ക്കാന്‍ അഞ്ച് ലക്ഷം വീതം രാഘവേന്ദ്ര, കാര്‍ത്തിക്ക് എന്നിവര്‍ക്കും നല്‍കി. ദര്‍ശനും പവിത്രയ്ക്കും പകരം ജയിലില്‍ പോവണമെന്നായിരുന്നു ഇവരുമായുള്ള കരാര്‍. കൊലപാതകത്തില്‍ പിന്നീട് ഇരുവരും പൊലീസില്‍ കീഴടങ്ങിയെങ്കിലും ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ദര്‍ശന്റെയും പവിത്രയുടെയും പേര് വെളിപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker