25 C
Kottayam
Friday, May 10, 2024

ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത; ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് ആക്രമണത്തിനിരയായ നടി

Must read

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് പരാതിക്കാരിയായ നടി. ദൃശ്യങ്ങള്‍ നടന്‍ ദുരുപയോഗം ചെയ്തേക്കാമെന്ന് നടി സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവും നടി മുന്നോട്ടുവച്ചു. മുദ്രവച്ച കവറും കോടതിയ്ക്ക് കൈമാറി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ദിലീപിന്റെ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് നീക്കം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ കാറില്‍ അതിക്രമിച്ച് കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ചുവെന്നാണ് കേസ്. സംഭവ സമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ പിടിയിലായി. പള്‍സര്‍ സുനി അടക്കം 6 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. ഇതിന് പിന്നാലെയാണ് മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week