മോഹൻലാലിന് പിന്നാലെ മഞ്ജു വാര്യർക്കും കേന്ദ്ര സർക്കാർ അംഗീകാരം
കൊച്ചി:ജിഎസ്ടി നികുതി കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. സർട്ടിഫിക്കറ്റ് നൽകിയാണ് സർക്കാർ നടിയെ അഭിനന്ദിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്.
നേരത്തെ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിനും കേന്ദ്ര സർക്കാർ സമാനമായി സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പിന്നാലെ രാഷ്ട്രനിര്‍മ്മാണത്തിൽ ഭാഗമാകാൻ അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
നിലവിൽ ‘വെള്ളരി പട്ടണം’ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹേഷ് വെട്ടിയാരും മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്.
അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഫുള്‍ ഓഫ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജിത് നായകനാകുന്ന ‘എകെ 61’ലും മഞ്ജു ഭാഗമാകുന്നുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. ‘നേർക്കൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ സിനിമകൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ നടന്റെ ജോഡിയായി ആകും മഞ്ജു എത്തുക എന്നാണ് സൂചന. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ധനുഷ് നായകനായ അസുരനിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്.