നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയപ്പോള്‍ വിചാരണ കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മൊഴി രേഖപ്പെടുത്തിയതില്‍ കോടതിയ്ക്ക് വീഴ്ച്ച ഉണ്ടായതായും ആക്ഷേപമുണ്ട്. കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് വേദനാജനകമാണെന്നും വിചാരണാ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ സാക്ഷികളെ മുഖ്യപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News