സ്ത്രീകളെ നഗ്നരാക്കി ദേഹപരിശോധന; ദുരനുഭവം നേരിടേണ്ടി വന്നത് പത്ത് വിമാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക്
ദോഹ: നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ ഓസ്‌ട്രേലിയന്‍ സ്ത്രീകളെ നഗ്നരാക്കി ദേഹപരിശോധന നടത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ത്രീകള്‍ക്ക് സമാനമായി മോശപ്പെട്ട അനുഭവം ഉണ്ടായെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ദോഹയില്‍ നിന്നു പുറപ്പെടാനിരുന്ന പത്ത് വിമാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ദുരനുഭവം ഉണ്ടായെന്നാണ് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറയുന്നത്. ഓസ്‌ട്രേലിയന്‍ സെനറ്റില്‍ നടന്ന ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു മാരിസ് പെയ്ന്‍. ഞായറാഴ്ചയാണ് ഓസ്‌ട്രേലിയന്‍ സ്ത്രീകള്‍ക്ക് നേരെ ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഉണ്ടായ അതിക്രമത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.
ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം നടന്നത്. എയര്‍പോര്‍ട്ടിലെ ടോയ്‌ലറ്റില്‍ ഒരു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടാനിരുന്ന വിമാനങ്ങളിലെ സ്ത്രീകളെ ദേഹപരിശോദനയ്ക്ക് വിധേയമാക്കുകയായിരുന്നു. വിമാനത്തില്‍ നിന്നും 13 ആസ്‌ട്രേലിയന്‍ വനിതകളെ പിടിച്ചിറക്കുകയും നിര്‍ബന്ധിത ദേഹപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം അനുവാദം കൂടാതെ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ സംഭവിച്ചത് ഭയപ്പെടുത്തുന്നതും കുറ്റകരവുമാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ഖത്തര്‍ ഖേദം പ്രകടിപ്പിച്ചു. ‘അടിയന്തിരമായി തീരുമാനിച്ച തിരച്ചിലിന്റെ ലക്ഷ്യം കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവരെ തടയുക എന്നതായിരുന്നുവെങ്കിലും, ഈ നടപടി മൂലം ഉണ്ടാകുന്ന ഏതൊരു യാത്രക്കാരന്റെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള ദുരിതമോ ലംഘനമോ ഖത്തര്‍ സംസ്ഥാനം ഖേദിക്കുന്നു’. ബുധനാഴ്ചയാണ് ഖത്തര്‍ സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി അന്വേഷണത്തിന് ഉത്തരവിട്ടു. പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി മാലിന്യങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പെണ്‍കുഞ്ഞ് മെഡിക്കല്‍ അധികൃതരുടെ പരിചരണത്തില്‍ സുരക്ഷിതയാണ്.